പൊന്നാനി: ഫിഷിങ് ഹാർബറിലും പരിസരത്തും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. മീൻ ലോറികളിലും മത്സ്യ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടന്നു. 14 ഇടങ്ങളിൽനിന്ന് പരിശോധനയ്ക്കായി മത്സ്യ സാംപിൾ ശേഖരിച്ചു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 2 കടകൾക്ക് നോട്ടിസ് നൽകി. പഴകിയ മത്സ്യവും പിടിച്ചെടുത്തു. ഇന്നലെ രാവിലെയാണ് പൊന്നാനി ഫിഷിങ് ഹാർബറിലും പരിസരത്തുമായി ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേർന്ന് പരിശോധന നടത്തിയത്. പഴകിയ മത്സ്യം ഹാർബറിലേക്കു വരുന്നുവെന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യം പൊന്നാനി ഹാർബർ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നുണ്ടെന്നുമുള്ള പരാതി വ്യാപകമായിരുന്നു.
മത്സ്യം കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കുന്നതിനായി രാസപദാർഥങ്ങൾ ചേർക്കുന്നുണ്ടെന്ന പരാതിയും ഉയരുന്നതിനിടയിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ സുജിത് പെരേരയുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. സർക്കിൾ ഓഫിസർമാരായ ധന്യ ശശീന്ദ്രൻ, യു.എം.ദീപ്തി, എം.എൻ.ഷംസിയ, ഫിഷറീസ് ഓഫിസർമാരായ കെ.ശ്രീജേഷ്, കെ.പി.ഒ.അംജത് എന്നിവർ നേതൃത്വം നൽകി.