എരമംഗലം: സംസ്ഥാന പാതയിലെ എരമംഗലത്ത് റോഡുകളിൽ കുഴികൾ അടയ്ക്കാത്തത് മൂലം അപകടങ്ങൾ പതിവാകുന്നു. മരാമത്ത് വകുപ്പിന്റെ കീഴിലുളള പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിലെ എരമംഗലത്താണ് മഴ പെയ്തതോടെ റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
റോഡിൽ ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കുന്നതിനാൽ വലിയ കുഴികളാണ് ഉണ്ടാകുന്നത്. താഴത്തേൽപടി മുതൽ നാക്കോല വരെ നൂറിലേറെ കുഴികൾ ഉണ്ടായി.കഴിഞ്ഞദിവസം രാത്രി ബൈക്കും സ്കൂട്ടറും കുഴിയിൽ വീണു 4 പേർക്കാണ് പരുക്കേറ്റത്. ജല ജീവൻ പൈപ്‌ലൈനിനു വേണ്ടി പൊളിച്ച റോഡുകൾ നന്നാക്കാത്തതിനാലും റോഡുകളിൽ കുഴികൾ ഉണ്ടായിട്ടുണ്ട്. കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും യാത്രക്കാരും ചേർന്ന് സംസ്ഥാന പാതയിൽ വാഴ നട്ടു.