പൊന്നാനി : കരൾ സംബന്ധമായ അസുഖം ബാധിച്ച നാൽപ്പതുകാരന് ചികിത്സയ്ക്കായി ഇനിയും പണം വേണം. പൊന്നാനി നഗരസഭയിലെ 23-ാം വാർഡിൽ കടവനാട് താമസിക്കുന്ന ആലങ്ങാട്ട് ബിനീഷാണ് കരൾസംബന്ധമായ അസുഖം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. കരൾ മാറ്റിവെക്കുക എന്നതുമാത്രമാണ് ബിനീഷിന് ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ഏകമാർഗമെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു. കരൾ കൊടുക്കാൻ ഭാര്യ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കുമായി 40 ലക്ഷം രൂപയോളം ചെലവുവരും. ഭാര്യയും രണ്ടു മക്കളുമുള്ള നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ ബിനീഷ് ചികിത്സയ്ക്കു പണമില്ലാതെ ബുദ്ധിമുട്ടുകയാണിപ്പോൾ. നാട്ടുകാർ ബിനീഷ് ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. നഗരസഭാ കൗൺസിലർ ബിൻസി ഭാസ്‌കർ രക്ഷാധികാരിയും തലക്കാട്ട് രാജൻ ചെയർമാനും പുന്നക്കൽ സുരേഷ് കൺവീനറും അശോകൻ ആട്ടയിൽ ട്രഷറററുമായി സമിതി പ്രവർത്തനം തുടങ്ങി. ബിനീഷ് ചികിത്സാ സഹായസമിതി എന്നപേരിൽ എസ്.ബി.ഐ.യിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 00000043090677963. ഐ.എഫ്.എസ്.സി.: SBIN0070199.