എരമംഗലം: കടൽദുരന്തം ഉണ്ടായാൽ വെളിയങ്കോട് മേഖലയിൽനിന്നു തീരദേശവാസികളെ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പിലാക്കാൻ സൂനാമി റെഡി പ്രോഗ്രാമിൽ തീരുമാനം. ശക്തമായ തീരശോഷണം നേരിടുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയ വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പത്തുമുറി തീരത്തുള്ളവർക്കായാണു വിവിധ പദ്ധതികൾ കൊണ്ടുവരുന്നത്.

അപകട മുന്നറിയിപ്പു വരുമ്പോൾ തീരദേശവാസികളെ രക്ഷപ്പെടുത്തൽ, പുനരധിവസിപ്പിക്കൽ തുടങ്ങിയവയ്ക്കു മുൻഗണന നൽകിയാണു പദ്ധതി തയാറാക്കുക.  പഞ്ചായത്തുമായി സഹകരിച്ച്, തീരമേഖലയിൽ താമസിക്കുന്നവരുടെ സർവേ റവന്യു വകുപ്പ്     നടത്തും.വീടുകളുടെ എണ്ണം, പ്രായമായവർ, കുട്ടികൾ എന്നിവരുടെ കണക്കുകൾ സർവേയിൽ ഉൾപ്പെടുത്തും. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ റവന്യു, ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകൾ, പൊലീസ്, അഗ്നി രക്ഷാസേന, പഞ്ചായത്ത് എന്നിവ ചേർന്നു കമ്മിറ്റിയും രൂപീകരിക്കും.

അടുത്തുതന്നെ തീരദേശ മേഖല കേന്ദ്രീകരിച്ചു ബോധവൽക്കരണ പരിപാടികൾ നടത്താനും  തീരുമാനിച്ചു. എരമംഗലത്തു നടന്ന സൂനാമി റെഡി പ്രോഗ്രാം ഡപ്യൂട്ടി  കലക്ടർ (ദുരന്ത നിവാരണം) ഷെർലി പൗലോസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ ആധ്യക്ഷ്യം വഹിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. അതേസമയം, യോഗം തീരദേശം കേന്ദ്രീകരിച്ചാണ്, നടത്തേണ്ടതെന്നും  തീരദേശവാസികൾക്കു മുൻഗണന നൽകിയില്ലെന്നും ആരോപിച്ചു പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളും നേതാക്കളും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.

Related Post

Leave a Reply

Your email address will not be published. Required fields are marked *