ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23-ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ആകും ബജറ്റ് അവതരിപ്പിക്കുക.
ജൂലായ് 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം ഇത് രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഈ വര്‍ഷം ആദ്യത്തില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
23-ന് തന്റെ ഏഴാം ബജറ്റ് അവതരിപ്പിക്കുന്നതോടെ നിര്‍മല സീതാരാമന്‍ ഏറ്റവുംകൂടുതല്‍ ബജറ്റവതരണം നടത്തിയ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോര്‍ഡ് മറിടക്കും.