കുറ്റിപ്പുറം : റെയിൽവേ സ്റ്റേഷനിലെ രണ്ട് ടിക്കറ്റ് കൗണ്ടറുകളിലെ സാധാരണ ടിക്കറ്റുകൾ നൽകുന്ന കൗണ്ടർ വെള്ളിയാഴ്ച മുതൽ പ്രവർത്തനം നിർത്തി.
റെയിൽവേയുടെ കണക്കനുസരിച്ച് പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് കൗണ്ടറിന്റെ പ്രവർത്തനം നിർത്തിയത്.
നിലവിൽ ഇവിടെ നിന്നുള്ള പ്രതിദിന യാത്രക്കാരുടെ എണ്ണമനുസരിച്ച് രണ്ട് ടിക്കറ്റ് കൗണ്ടറുകളുടെ ആവശ്യമില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
24 മണിക്കൂറും പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റേഷനിലെ രണ്ട് എ.ടി.വി.എം. (ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ) വഴിയും റിസർവേഷൻ ടിക്കറ്റ് കൗണ്ടർ വഴിയും സാധാരണ ടിക്കറ്റുകൾ ലഭിക്കും.
എ.ടി.വി.എം. പ്രവർത്തനം സുഗമമാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ അഞ്ച് പേരെ പുതുതായി നിയമിച്ചിട്ടുമുണ്ട്.