പൊന്നാനി : നഗരസഭയിലെ അഞ്ചാം വാർഡിൽ രണ്ടുപേർക്കുകൂടി മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. ഇതോടെ മലമ്പനി ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്നുപേരും സ്ത്രീകളാണ്.

നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് ഊർജിത പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു. പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കിലെ ആരോഗ്യപ്രവർത്തകർ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആശാ പ്രവർത്തർ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവർത്തനം. കൂടുതൽ രോഗബാധിതരുണ്ടോ എന്നറിയാൻ ഗൃഹസന്ദർശന സർവേ നടത്തി.

നാലുപേരടങ്ങുന്ന 10 സംഘങ്ങൾ വീടുകൾ സന്ദർശിക്കുകയും 1200 രക്തസാമ്പിളുകൾ ശേഖരിക്കുകയുംചെയ്തു. ഇതിലാണ് രണ്ടുപേർക്കുകൂടി രോഗമുണ്ടെന്നു കണ്ടെത്തിയത്.

നഗരസഭയിലെ നാലുമുതൽ ഏഴുവരെയുള്ള വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ, കൊതുകുനശീകരണ പ്രവർത്തനങ്ങൾ എന്നിവ അടിയന്തരമായി നടത്തും. ഉറവിടനശീകരണം, ഫോഗിങ്, സ്‌പ്രേയിങ് എന്നിവ പ്രദേശങ്ങളിൽ നടക്കും. 100 ആരോഗ്യപ്രവത്തകരെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. മൂന്നാഴ്ച ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

പ്രതിരോധപ്രവർത്തനങ്ങൾക്ക് നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശൻ, വാർഡ് കൗൺസിലർ കവിത ബാലു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി. ഷുബിൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ്‌കുമാർ, എപ്പിഡമോളജിസ്റ്റ് കിരൺ രാജ്, ഹെൽത്ത് സൂപ്പർവൈസർമാരായ സി.ആർ. ശിവപ്രസാദ്, വിൻസെന്റ് സിറിൽ എന്നിവർ നേതൃത്വംനൽകി.

കൊതുക് കടിക്കാതെ നോക്കണം

രാത്രികാലങ്ങളിൽ കൊതുകുവല ഉപയോഗിക്കുന്നതിനും വീടുകളിൽ കൊതുകുനശീകരണ സാമഗ്രികൾ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്തപരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹസന്ദർശന രക്തപരിശോധയിൽ പങ്കാളിയാകണമെന്നും ഡി.എം.ഒ. അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *