മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സ്പെഷൽ അസംബ്ലി വിളിച്ചു ചേർക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. ഇതുവഴി മാലിന്യം വലിച്ചെറിയുന്ന മാതാപിതാക്കളെ കുട്ടികൾ തന്നെ തടയുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്തെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ആശയങ്ങളും നിർദേശങ്ങളും സ്വരൂപിക്കാൻ മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നസ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ കർശന നടപടിയെടുക്കണമെന്നും അത്തരം വിഷയങ്ങളിൽ ജനപ്രതിനിധികൾ ഇടപെടില്ലെന്നും എംഎൽഎമാർ ഉൾപ്പെടെ നേതാക്കളുടെ ഉറപ്പ്. ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യണം.  യൂസർ ഫീ ഈടാക്കി പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക യന്ത്രസംവിധാനങ്ങൾ സ്ഥാപിക്കണം. എന്തൊക്കെ പദ്ധതികള്‍ ആവിഷ്കരിച്ചാലും സമൂഹത്തിന്റെ മനോഭാവം മാറാതെ ഒന്നും വിജയിക്കില്ലെന്ന് മുന്‍മേയര്‍ കൂടിയായ മന്ത്രി വി. ശിവന്‍ കുട്ടി. പുതുതലമുറയിലാണ് പ്രതീക്ഷ

വകുപ്പുകളുടെ ഏകോപനം അനിവാര്യമെന്ന് മുന്‍മന്ത്രി ആന്റണി രാജു.ആമയിഴഞ്ചാന്‍ തോട്ടില്‍ കരാര്‍തൊഴിലാളിയായ ജോയിയുടെ ജീവന്‍ പൊലിഞ്ഞിട്ടും മാലിന്യം കൊണ്ടുതള്ളുന്നതിന് കുറവുണ്ടായില്ല. കോര്‍പറേഷന്‍ ശക്തമായി തന്നെ ഇടപെടുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ മോഡറേറ്റർ ആയിരുന്നു.  എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, എം.വിന്‍സെന്റ് ,മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ,  ആസൂത്രണ ബോർഡ് മുൻ അംഗം സി.പി.ജോൺ, കോർപറേഷൻ കൗൺസിലറും ബിജെപി ജില്ലാ പ്രസിഡന്റുമായ വി.വി.രാജേഷ് തുടങ്ങിയവര്‍ ചർച്ചകളില്‍ പങ്കെടുത്തു.ആശയക്കൂട്ടത്തിലെ നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *