പൊന്നാനി : പുതുപൊന്നാനി അഴിമുഖത്ത് മീൻപിടിത്തബോട്ടുകൾക്ക് തടസ്സമായി കിടന്നിരുന്ന കല്ലുകളും മണൽത്തിട്ടയും നീക്കംചെയ്യാൻ നടപടിയായി. അഴിമുഖത്ത് വള്ളങ്ങൾ അപകടത്തിൽപ്പെടുന്നതും കേടുപാടുകൾ സംഭവിക്കുന്നതും പതിവായിരുന്നു.
പി. നന്ദകുമാർ എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതിപ്രദേശം സന്ദർശിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യം പരിഗണിച്ച് താത്കാലിക പരിഹാരം എന്ന നിലയ്ക്കാണ് നടപടി. അഴിമുഖത്ത് മണൽ അടിഞ്ഞുകൂടുകയും കടൽഭിത്തിയുടെ കല്ലുകൾ അഴിമുഖത്ത് അടിഞ്ഞുകിടക്കുകയും ചെയ്തതോടെയാണ് മീൻപിടിത്ത ബോട്ടുകൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയായത്.
പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്താണ് പദ്ധതി തയ്യാറാക്കിയതെന്നും മണൽത്തിട്ടകൾ നീക്കംചെയ്ത് വള്ളങ്ങൾക്ക് സുഗമമായി കടന്നുപോകാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർമാരായ ഐ.പി. മുഹമ്മദ് മുനീർ, മാജിത ബീഗം, എം.കെ. റിഷാദ്, വാർഡ് കൗൺസിലർ ബാത്തിഷ എന്നിവർ എം.എൽ.എ.യ്ക്കൊപ്പമുണ്ടായിരുന്നു.