പൊന്നാനി : നഗരം വില്ലേജ് പരിധിയിൽ ഭൂസർവേ പുരോഗമിക്കുന്നു. 500 സർക്കാർ ഭൂമികളും 16000 സ്വകാര്യവ്യക്തികളുടെ ഭൂമികളുമാണ് ഇതുവരെ കണ്ടെത്തിയത്.
ഇതിൽ നാനൂറോളം സ്ഥലങ്ങളുടെ ഭൂരേഖകൾ ഉടമകൾ ഹാജരാക്കിയിട്ടില്ല. പട്ടയം അനുവദിച്ച ഭൂമികളിൽ രേഖകൾ ഹാജരാക്കാത്തവ സർക്കാർ ഏറ്റെടുക്കും. കാലങ്ങളായി പട്ടയമില്ലാത്തവർക്ക് പട്ടയമനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇപ്പോൾ സർവേ നടക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്.റവന്യൂവകുപ്പിനു കീഴിലെ പട്ടയമിഷൻ പദ്ധതിയുടെ ഭാഗമായുള്ള സർവേനടപടികളാണ് പുരോഗമിക്കുന്നത്. നഗരം വില്ലേജ് പരിധിയിൽ ഫിഷറീസ് വകുപ്പിനു കീഴിൽ കടപ്പുറം പുറമ്പോക്ക് ഭൂമി, മിച്ചഭൂമി, റവന്യൂ ഭൂമി എന്നിവിടങ്ങളിൽ കാലങ്ങളായി താമസിക്കുന്ന നിരവധി കുടുംബങ്ങൾക്കാണ് ഇനിയും പട്ടയമില്ലാത്തത്.
നേരത്തെ മിച്ചഭൂമി ഏറ്റെടുത്ത് പതിച്ചു നൽകിയവരിൽനിന്ന് വില നൽകി ഭൂമി വാങ്ങിയവർക്കാണ് പട്ടയമില്ലാത്തത്. ഇതുമൂലം ഈ കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല.
സർവേനടപടികൾ പൂർത്തീകരിച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്തി യോഗ്യരായവർക്ക് പട്ടയംനൽകാനാണ് തീരുമാനം.
സർവേ നടപടികൾ പൂർത്തിയായിക്കഴിഞ്ഞ സ്ഥലങ്ങളിലുള്ളവർക്ക് രേഖകൾ ഹാജരാക്കുന്നതിനും തിരുത്തലുകൾ നടത്തുന്നതിനും ബുധനാഴ്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. നാനൂറോളം സ്ഥലങ്ങളുടെ ഭൂരേഖകൾ ഇനിയും ഹാജരാക്കിയില്ല