പൊന്നാനി : മഴ അൽപ്പം മാറിനിന്ന ബുധനാഴ്ച വീടുകളിലേക്ക് കയറിയ വെള്ളം വാർന്നുതുടങ്ങിയെങ്കിലും ദുരിതത്തിന് കുറവില്ല. ചെളിയും മണ്ണും അടിഞ്ഞുകൂടിയ വീടുകൾ താമസയോഗ്യമല്ലാതായി.
ഭാരതപ്പുഴ കരകവിഞ്ഞതോടെ പുഴവെള്ളം ജനവാസ മേഖലയിലേക്ക് കുത്തിയൊലിച്ചുവന്നു. ഇതോടെയാണ് ഈശ്വരമംഗലം ഭാഗത്തെ കുടുംബങ്ങൾ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറിയത്. പൊന്നാനി ഐ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ 81 കുടുംബങ്ങളിൽനിന്നുള്ള 77 പുരുഷൻമാരും 94 സ്ത്രീകളും 73 കുട്ടികളുമുൾപ്പെടെ 244 പേരാണുള്ളത്.
കനോലി കനാൽ കരകവിഞ്ഞതിനെത്തുടർന്ന് പൊന്നാനി എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽനിന്നുള്ള മൂന്നുപേരുമുണ്ട്.
ക്യാമ്പിലുള്ളവർക്ക് പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷണവും മെഡിക്കൽ സഹായവും നൽകുന്നുണ്ട്. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലും ദുരിതാശ്വാസക്യാമ്പുകളിൽ സഹായങ്ങളെത്തിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം മഴ പെയ്തതോടെ പുഴയോരവാസികൾ വീണ്ടും ആധിയിലാണ്.
വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
എരമംഗലം : മഴയുടെ ദുരിതപ്പെയ്‌ത്തിൽ വിറങ്ങലിച്ച് ഗ്രാമങ്ങൾ. വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളിൽനിന്നു മാത്രം വെള്ളക്കെട്ടിനെത്തുടർന്ന് നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെളിയങ്കോട് പഞ്ചായത്തിലെ എരമംഗലം പത്തിരം ദ്വീപിലെയും പെരുമ്പടപ്പ് പഞ്ചായത്തിലെ തുരുത്തുമ്മൽ ദ്വീപിലെയും മുഴുവൻ കുടുംബങ്ങളെയും ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പൊന്നാനി കോൾപടവിലെ വെള്ളമുയരുന്നതിന്റെ ആശങ്കയിലാണ് ദ്വീപ് നിവാസികളെ മാറ്റിപ്പാർപ്പിച്ചത്.
പത്തിരത്തുനിന്ന് 21 കുടുംബങ്ങളെ എരമംഗലം പുഴക്കര വ്യാസ വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്കും തിരുത്തുമ്മലിലെ 14 കുടുംബങ്ങളിൽ 11 പേരെ ചെറവല്ലൂർ എ.എം.എൽ.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുമാണു മാറ്റിയത്.
വെളിയങ്കോട് പഞ്ചായത്തിലെ കച്ചേരിപൊറായി, അയ്യോട്ടിച്ചിറ, സ്‌കൂൾപടി എന്നിവിടങ്ങളിൽനിന്ന് അൻപതോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി വെളിയങ്കോട് വില്ലേജ് ഓഫീസർ അറിയിച്ചു. കോൾപടവുകളിൽ വെള്ളംനിറഞ്ഞ് റോഡുകളിലൂടെ കുത്തിയൊലിക്കുന്നതുമൂലം തൃശ്ശൂർ, മലപ്പുറം ജില്ലാ അതിർത്തികളുമായി ചേർന്നുകിടക്കുന്ന ഉപ്പുങ്ങൽ-ആമയം റോഡും മാറഞ്ചേരി പഞ്ചായത്തിലെ മാറാടി-വടമുക്ക് റോഡും പൂർണമായും അടച്ചു.
ബുധനാഴ്‌ച വൈകുന്നേരംവരെ മുന്നറിയിപ്പുകളും റോഡ് അടയ്ക്കലുമില്ലാത്തതിനാൽ ഉപ്പുങ്ങൽ-ആമയം റോഡിലൂടെ യാത്രചെയ്ത അൻപതോളം ഇരുചക്രവാഹനങ്ങളാണ് വെള്ളക്കെട്ടിൽവീണ് തകരാറിലായത്. പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂർ, ആമയം, പട്ടേരി, അയിരൂർ എന്നിവിടങ്ങളിലും നിരവധി വീടുകളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്.
പട്ടേരിയിൽ കോൾപടവിന്റെ തീരത്തായി താമസിക്കുന്ന തറയിൽ കബീറിന്റെ വീട് തകർന്നു.
മാറഞ്ചേരി തുറുവാണംദ്വീപ് ബണ്ടുറോഡിൽ വെള്ളം ഉയർന്നതിനാൽ ദ്വീപ് നിവാസികൾക്ക് യാത്രചെയ്യുന്നതിന് ബുധനാഴ്‌ച മുതൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫൈബർ വള്ളം സർവീസ് തുടങ്ങി. ദുരിതാശ്വാസക്യാമ്പുകളിൽ റവന്യൂ, ആരോഗ്യ, സാമൂഹികക്ഷേമ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം നൽകിവരുന്നുണ്ട്.