പൊന്നാനി : ഭാരതപ്പുഴയിൽ കഴിഞ്ഞവർഷത്തേക്കാൾ ജലനിരപ്പ് കൂടി. 2023-ൽ ഈ സമയത്ത് 2.10 മീറ്റർ ഉയരത്തിലാണ് ജലനിരപ്പ് ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ രണ്ടുദിവസം പെയ്ത മഴയിൽ നാലുമീറ്ററിലേറെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഒരു സെക്കൻഡിൽ മൂന്നുമീറ്റർ വേഗത്തിലാണ് പുഴയിൽ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നതെന്ന് ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജ് അധികൃതർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞവർഷത്തേക്കാൾ കാലവർഷം ശക്തിപ്രാപിച്ചിട്ടുണ്ട്. ചമ്രവട്ടം റെഗുലേറ്ററിന്റെ ആകെയുള്ള 70 ഷട്ടറുകളിൽ 64 ഷട്ടറുകളും തുറന്നിട്ടുണ്ട്. കരകൾ ഇടിയാതിരിക്കാൻ ആറു ഷട്ടറുകൾ അടച്ചിട്ടിരിക്കയാണ്. ചൊവ്വാഴ്ച വൈകീട്ട് ഭാരതപ്പുഴയോര പാതയിൽ (കർമ്മ റോഡ്) ചിലയിടങ്ങളിൽ പുഴ കരകവിഞ്ഞു കയറിയെങ്കിലും പിന്നീട് വെള്ളമിറങ്ങി. ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ ഭാരതപ്പുഴ (കുമ്പിടി സ്റ്റേഷൻ), പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ) എന്നിവിടങ്ങളിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് ജാഗ്രതാനിർദേശം നൽകി. തീരത്തോടുചേർന്ന് താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.