പൊന്നാനി : വെള്ളംകയറിയ വീടുകളും റോഡുകളും ശുചീകരിക്കാൻ നാടൊന്നിച്ചു. ഭാരതപ്പുഴ കരകവിഞ്ഞ് വെള്ളംകയറിയ വീടുകൾ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധസംഘടനകളും മറ്റും സഹകരണത്തോടെയാണ് ശുചീകരിച്ചത്.
ഈശ്വരമംഗലം പുഴ പുറമ്പോക്ക് പ്രദേശത്തെ വീടുകളാണ് വൃത്തിയാക്കിയത്. നഗരസഭാ ആരോഗ്യവിഭാഗം, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ഹരിതകർമസേനാ അംഗങ്ങൾ, പോലീസ്, ആശാ പ്രവർത്തകർ, നഗരസഭാ ഡി. വി.സി. പ്രതിനിധികൾ, എൻ.എസ്.എസ്. വൊളന്റിയർമാർ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം സംഘടിപ്പിച്ചത്.
പല വീടുകളും വെള്ളംകയറി മണ്ണും ചെളിയും നിറഞ്ഞ സാഹചര്യം ആയിരുന്നു. അത്തരത്തിൽ ഉള്ള വീടുകൾ ശുചീകരിക്കുന്നതോടപ്പം ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തി.
മലിനമായ മുഴുവൻ കിണറുകളിലും നഗരസഭയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും നഗരസഭാ ഹെൽത്ത് ടീമും ചേർന്ന് ക്ലോറിനേഷൻ ചെയ്തുതുടങ്ങിയിട്ടുണ്ട്.
ക്യാമ്പുകളിൽനിന്ന് മടങ്ങിത്തുടങ്ങി:
മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഭാരതപ്പുഴ കരകവിഞ്ഞതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരുന്ന കുടുംബങ്ങളാണ് വീടുകളിൽനിന്ന് വെള്ളമിറങ്ങിയതോടെ സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്.
ചൊവ്വാഴ്ച വൈകീട്ടോടെ പുഴവെള്ളം ജനവാസമേഖലയിലേക്ക് കുത്തിയൊലിച്ച് വന്നതോടെയാണ് ഈശ്വരമംഗലം ഭാഗത്തെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. പൊന്നാനി ഐ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ 81 കുടുംബങ്ങളും മടങ്ങി.
കനോലി കനാൽ കരകവിഞ്ഞതിനെത്തുടർന്ന് പൊന്നാനി എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിലുണ്ടായിരുന്ന രണ്ട് കുടംബങ്ങളും തിരിച്ചുപോയി. ക്യാമ്പിലുള്ളവർക്ക് പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷണവും വൈദ്യസഹായവും, നൽകിയിരുന്നു.
ക്യാമ്പിൽനിന്ന് മടങ്ങുന്നവർക്ക് വസ്ത്രങ്ങളും ഭക്ഷണക്കിറ്റും അവശ്യ സാധനങ്ങളും നഗരസഭ നൽകി. നിരവധി പേർ ക്യാമ്പിലേക്ക് സഹായവുമായി എത്തിയിരുന്നു.