പുറങ്ങ്: കുണ്ടുകടവിലും, പുതുപൊന്നാനിയിലും പാലം നിർമാണത്തിന് നിർമിച്ച താൽക്കാലിക തടയണകൾ പൊളിച്ചു മാറ്റാത്തത് മൂലം പൊന്നാനി കോളിനോടു ചേർന്നുള്ള ആയിരത്തോളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ. കോൾ മേഖലയിലെ ജലനിരപ്പ് കുറയ്ക്കാൻ ബിയ്യം റഗുലേറ്റർ വഴി കാഞ്ഞിരമുക്ക് പുഴയിലൂടെ കടലിലേക്ക് ഇറിഗേഷൻ വകുപ്പ് ഒഴുക്കി വിടുന്നുണ്ട്.
കാഞ്ഞിരമുക്ക് പുഴയിൽ കുണ്ടുകടവിലെ പുതിയ പാലത്തിന്റെയും ദേശീയ പാത വികസനത്തിന്റെ ഭാഗമായി പുതുപൊന്നാനിയിലും പാലം നിർമിച്ചു കൊണ്ടിരിക്കുകയാണ്. 2 പാലത്തിന്റെയും തൂണുകൾ നിർമിക്കുന്നതിനാണ് പുഴയിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ തടയണ നിർമിച്ചിരിക്കുന്നത്. കുണ്ടുകടവിൽ 75 മീറ്റർ നീളത്തിലാണ് തടയണ നിർമിച്ച് പാലത്തിന്റെ നിർമാണം നടക്കുന്നത്.
പുഴയിലെ വെള്ളം ഒഴുക്കി വിടാൻ 2 സ്ഥലങ്ങളിലായി 5 മീറ്റർ മാത്രമാണ് മണ്ണ് മാറ്റിയിട്ടുള്ളത്. റഗുലേറ്ററിന്റെ 10 ഷട്ടർ ഉയർത്തി പുഴയിലേക്ക് ഒഴുക്കിവിടുന്നുണ്ടെങ്കിലും നീളത്തിലുള്ള തടയണകൾ കാരണം കൂടുതൽ വെള്ളം കടലിലേക്ക് ഒഴുക്കി വിടാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോൾ മേഖലയിലെ കനത്ത മഴയും തൃശൂർ ജില്ലയിലെ ഡാമുകളിൽ നിന്നുള്ള വെള്ളവും കോൾ മേഖലയിലേക്ക് എത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
ജലനിരപ്പ് ഉയർന്നതോടെ കാഞ്ഞിരമുക്ക് അയിനിച്ചിറയിലെ വിസിബിക്ക് മുകളിലൂടെയാണ് വെള്ളത്തിന്റെ ഒഴുക്ക്. പുഴയിലെ ഒഴുക്കു തടസ്സപ്പെടുത്തുന്ന തടയണകൾ മാറ്റണമെന്ന് റവന്യു അധികൃതർ കരാറുകാർക്ക് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.