പൊന്നാനി : ഗവ. താലൂക്കാശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച പേ വാർഡ് തുറന്നു.
കെ.എച്ച്.ആർ.ഡബ്ല്യു.എസിനു കീഴിൽ പ്രവർത്തിക്കുന്ന പേ വാർഡാണ് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് രോഗികൾക്കായി തുറന്നുകൊടുത്തത്. കെട്ടിടം ശോചനീയാവസ്ഥയിലായതിനെത്തുടർന്ന് ഒരു വർഷമായി പേ വാർഡിൽ രോഗികളെ പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്ന് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തി.
നിലത്ത് ടൈൽ പാകിയും ശൗചാലയങ്ങൾ നവീകരിച്ചും സൗന്ദര്യവത്കരണജോലികൾ നടത്തിയുമാണ് പണികൾ പൂർത്തീകരിച്ചത്.
10 മുറികളാണ് ഇരുനില കെട്ടിടത്തിലുള്ളത്. കെട്ടിടം കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ നിന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് നടപ്പായിട്ടില്ല. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നവീകരിച്ച പേ വാർഡ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഷീന സുദേശൻ, രജീഷ് ഊപ്പാല, അജീന ജബ്ബാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.