എരമംഗലം : പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ അയിരൂർ കുണ്ടുച്ചിറ പാലത്തിനു താഴെ കനോലി കനാലിൽ മരം കടപുഴകി വീണിട്ട് രണ്ടാഴ്ചയായിട്ടും നീക്കം ചെയ്തില്ല. കനാലിന്റെ കിഴക്കുഭാഗത്തെ കരയിൽനിന്ന് വീണ മരം പടിഞ്ഞാറുഭാഗത്തെ കരയോട് മുട്ടിയാണ് വീണുകിടക്കുന്നത്. ഇതുമൂലം ദേശീയ ജലപാത കൂടിയായ കനോലി കനാലിലൂടെ വെള്ളത്തിനുപോലും സുഗമമായി ഒഴുകാനാവാത്ത സ്ഥിതിയാണ്.
കനോലി കനാലിൽ വീണുകിടക്കുന്ന മരത്തിന്റെ ചില്ലയിലും മറ്റുമായി സാനിറ്ററി, നാപ്‌കിൻ മുതൽ അറവുമാലിന്യങ്ങളും ഇതിനുപുറമേ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേറെയും കുമിഞ്ഞുകൂടിക്കിടക്കുന്നുണ്ട്. കാക്ക, പരുന്ത് തുടങ്ങിയവ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ കൊത്തിവലിച്ച് കനോലി കനാലിന്റെ തീരത്തെ പറമ്പുകളിലും വീടിന്റെ മുറ്റങ്ങളിലും കിണറുകളിലുമായി ഇടുന്നത് തീരവാസികൾക്ക് ദുരിതമായിരിക്കുകയാണ്.
കനാലിൽ മാലിന്യങ്ങൾ നിറയുന്നതിനാൽ പകർച്ചവ്യാധി ഭീതിയും നിലനിൽക്കുന്നുണ്ട്. ഒരാഴ്ച മുൻപ് ചാവക്കാട് നിന്ന് പൊന്നാനി വരെ ദേശീയ ജലപാത സംരക്ഷണ സന്ദേശവുമായി നടത്തിയ ജലയാത്ര മരം വീണുകിടക്കുന്നതിനാൽ അയിരൂർ കുണ്ടുച്ചിറ പാലത്തിനു താഴെ വെച്ച് അവസാനിപ്പിക്കുകയായിരുന്നു.