പൊന്നാനി: ആശ്വാസ ചാകരയുമായി ട്രോളിങ് നിരോധനത്തിനു ശേഷം മത്സ്യത്തൊഴിലാളികളുടെ ആദ്യ മടക്കം. രണ്ടു മാസത്തോളം നീണ്ട ട്രോളിങ് നിരോധനത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ബോട്ടുകാർ കടലിലിറങ്ങിയത്. 31ന് അർധരാത്രിയോടെ നിരോധനം നീങ്ങിയിരുന്നെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ ബോട്ടുകാർക്ക് കടലിലിറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കടൽ ശാന്തമായതോടെ ബോട്ടുകാർ കഴിഞ്ഞ ദിവസം ഇറങ്ങി. ഇടവേളയ്ക്കു ശേഷമുള്ള വലയിറക്കൽ മോശമായിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കോരയും കൂന്തളുമാണ് കാര്യമായി കിട്ടിയത്. ഹാർബറിലെത്തിച്ച മത്സ്യം പെട്ടെന്നു വിറ്റുപോയി. കടലിലിറങ്ങിയ ബോട്ടുകാർ പൂർണമായി തിരിച്ചെത്തിയിട്ടില്ല. ഇന്നും നാളെയുമായി മറ്റ് ബോട്ടുകാർ മടങ്ങുമെന്നാണ് കരുതുന്നത്. ട്രോളിങ് നിരോധന കാലത്തെ ഇടവേള ഗുണം ചെയ്തുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ വിലയിരുത്തൽ. മത്സ്യസമ്പത്തിൽ വർധനയുണ്ടായി.