കൊച്ചി: വീല്‍ച്ചെയറിലിരുന്ന് അനിരുദ്ധ് നീട്ടിയ പതിനായിരം രൂപ ഏറ്റുവാങ്ങി ജില്ലാ കളക്ടര്‍ പറഞ്ഞു, ”മനുഷ്യന്റെ ഹൃദയത്തിലെ നന്മയ്ക്കും കാരുണ്യത്തിനും പരിമിതിയില്ല എന്നതിന്റെ തെളിവല്ലേ ഈ കുഞ്ഞ്…” വയനാട് ദുരന്ത ബാധിതരെ സഹായിക്കാന്‍ തന്റെ സമ്പാദ്യത്തില്‍ നിന്ന് 10,000 രൂപ കളക്ടര്‍ക്ക് നല്‍കിയതിനു പിന്നാലെ അനിരുദ്ധ് തന്റെ കൈയിലിരുന്ന ഫോണ്‍ അദ്ദേഹത്തിനു നേരെ നീട്ടി. ”എന്റെ മുത്തച്ഛന് സാറിനോട് സംസാരിക്കാനുണ്ട്. ഒന്നു കേള്‍ക്കുമോ?” അനിരുദ്ധ് നല്‍കിയ ഫോണ്‍ കാതിലേക്ക് ചേര്‍ക്കുമ്പോള്‍ അതില്‍നിന്ന് ആര്‍ദ്രമായ ഒരു സ്വരം ഒഴുകിയെത്തി. ”സാറേ, എന്റെ കുഞ്ഞ് അവനറിയാത്ത ആരെയൊക്കെയോ സഹായിക്കാന്‍ നല്‍കിയ ഈ പണമുണ്ടല്ലോ. അത് കാണുമ്പോള്‍ എന്റെ കണ്ണ് നനയുന്നു. അവന്റെ നന്മമനസ്സിനെ ചേര്‍ത്തുപിടിച്ച് ഒരു കാര്യം ഞാന്‍ പറഞ്ഞോട്ടെ. എന്റെ പേരിലുള്ള 15 സെന്റ് സ്ഥലം ഞാന്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കാം. ആരു വേണമെങ്കിലും അവിടെ വന്ന് വീട് വെച്ചോട്ടെ…” മുത്തച്ഛന്റെ സ്വരം ഒഴുകിയെത്തുമ്പോള്‍ അനിരുദ്ധ് വീല്‍ച്ചെയറിലിരുന്ന് കൗതുകത്തോടെ കളക്ടറെ നോക്കുകയായിരുന്നു.
സെറിബ്രല്‍ പാള്‍സി ബാധിച്ച് ജീവിതം വീല്‍ച്ചെയറിലായ അനിരുദ്ധ് എന്ന ഒന്‍പതാം ക്ലാസുകാരന്റെ നന്മമനസ്സിന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അടക്കമുള്ളവര്‍ കൈയടിച്ചുപോയ ദിനമായിരുന്നു തിങ്കളാഴ്ച.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വാര്‍ത്ത അറിഞ്ഞ് സങ്കടത്തിലായ അനിരുദ്ധ് തന്റെ കൈയിലുള്ള ചെറിയ തുക ദുരന്തബാധിതര്‍ക്ക് നല്‍കണമെന്ന് അച്ഛന്‍ ഗോപകുമാറിനോട് പറയുകയായിരുന്നു. ഗോപകുമാറും ഭാര്യ ധന്യയും മകന്റെ ആഗ്രഹത്തിന് ഒപ്പം നിന്നു. ജില്ലാ കളക്ടറെ കണ്ട് തുക കൈമാറാന്‍ പോകുന്ന കാര്യം അനിരുദ്ധ് കാസര്‍കോട്ടുള്ള മുത്തച്ഛനെ വിളിച്ചു പറഞ്ഞപ്പോഴാണ് അദ്ദേഹവും കൊച്ചുമകനൊപ്പം നന്മയുടെ കൈപിടിച്ച് കളക്ടറോട് ഭൂമി നല്‍കാമെന്ന കാര്യം പറഞ്ഞത്.
ആലുവ കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അനിരുദ്ധ് ജീവിതം വീല്‍ച്ചെയറിലായപ്പോഴും ഫുട്ബോളിനെ പ്രണയിച്ചവനായിരുന്നു. ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ അച്ഛന്റെ ഒക്കത്തേറി ഖത്തറില്‍ വരെ അനിരുദ്ധ് പോയിരുന്നു. ഭിന്നശേഷിക്കാരനായ കൊച്ചുമകന്റെ ഏത് ആഗ്രഹത്തിനും ഒപ്പം നില്‍ക്കുന്ന മുത്തച്ഛന്‍ അപ്പു കുഞ്ഞിനായര്‍ കാരുണ്യത്തിന്റെ കാര്യത്തിലും അതേ ചിന്തയിലായിരുന്നു. അനിരുദ്ധിന്റെ കൈപിടിച്ച് കുലുക്കി അവനെ യാത്രയാക്കുമ്പോള്‍ കളക്ടര്‍ അവനോട് ഒരു കാര്യം കൂടി പറഞ്ഞു, ”ഞാന്‍ പണ്ട് ജോലിചെയ്തിരുന്ന സ്ഥലമാണ് വയനാട്. അവിടത്തെ ഈ വലിയ ദുരന്തം എന്റെ ഉള്ളുലയ്ക്കുന്നു…’