മാറഞ്ചേരി: വയനാട് ദുരന്തം കേരളത്തിൻറെ ഹൃദയം തന്നെ തകർക്കപ്പെട്ട ദുരന്തമായി മാറിക്കഴിഞ്ഞു. ആരെന്നറിഞ്ഞതും ആരെന്നറിയാത്തതുമായ മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകിയെത്തി. അതിൽ പലതിനും ശരീരഭാഗങ്ങൾ ഉണ്ടായിരുന്നില്ല. കയ്യും കാലും ആയി കിട്ടിയത് വേറെ. ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ് മൃതദേഹങ്ങൾ എടുക്കാനും മോർച്ചറിയിലേക്ക് കൊണ്ടുപോകാനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി വയനാട്ടിലെത്തിയത്.
മനുഷ്യത്വവും സഹവർത്തിത്വവും സഹാനുഭൂതിയും നിറഞ്ഞ ഹൃദയങ്ങൾക്ക് മാത്രമേ അത്തരത്തിലുള്ള അകമഴിഞ്ഞ പ്രവൃത്തി ദുരിതബാധിതർക്കും ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്കുമായി ചെയ്യാൻ സാധിക്കുകയുള്ളൂ. ഇവിടെ മാറഞ്ചേരിക്കാരിയായ ശിഫാ ഷെറിൻ എന്ന ബി എ മൾട്ടിമീഡിയ വിദ്യാർത്ഥിനി വയനാട്ടിൽ എത്തിയത് അത്തരത്തിലൊരു സന്നദ്ധ പ്രവർത്തനം ലക്ഷ്യം വെച്ചുകൊണ്ട് കൂടിയാണ്. അവൾക്ക് കിട്ടിയ ഇടം മോർച്ചറിയിൽ മയ്യത്ത് പരിപാലനത്തിനും . ഒരിക്കലും അവൾക്ക് അതൊരു ബുദ്ധിമുട്ടോ ചെയ്യാൻ പറ്റാത്തതോ ആയ ഒന്നും ആയിരുന്നില്ല. തൻ്റെ കർമം യഥാവിധി ചെയ്യാൻ ആ പെൺകുട്ടി സ്വയം തീരുമാനിച്ചു.
മരവിച്ച 5 മൃതശരീരങ്ങളും 26 ശരീര ഭാഗങ്ങളും അവൾ കുളിപ്പിച്ച് തുണികളിൽ പൊതിഞ്ഞു.
പ്രവർത്തനം അവസാനിപ്പിച്ച് സംഘത്തിനൊപ്പം തിരികെ നാട്ടിലെത്തിയിട്ടും ആ ഭീകര കാഴ്ചകളുടെ ചിത്രങ്ങൾ അവളുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. തൻ്റെ സേവനമേഖലയെങ്കിൽ കൂടി ഇനിയൊരു ദുരന്തം ഇതുപോലെ ഉണ്ടാകരുത് എന്ന പ്രാർഥനയാണ് ഈ പെൺകുട്ടിക്ക്. ഗുരുവായൂർ എൽ എഫ് കോളേജിൽ മൾട്ടിമീഡിയ വിദ്യാർത്ഥിനിയായ ശിഫ ഷെറിൻ വുമൺ ജസ്റ്റിസ് മൂവ്മെന്റിന്റെ മുഖ്യപ്രവർത്തക കൂടിയാണ്. മാറഞ്ചേരി സ്വദേശികളായ ശിഹാബ് ഹസീന ദമ്പതികളുടെ മകൾ കൂടിയാണ് ശിഫ