എടപ്പാൾ : കർഷകർക്ക് നൽകുന്ന കുമ്മായത്തിന്റെയും സുസ്ഥിര നെൽകൃഷി പദ്ധതിയുടേയും സഹായം വെട്ടിക്കുറച്ച് സർക്കാർ. നെൽപ്പാടത്തെ അമ്ലരസം ഇല്ലാതാക്കാനും കീടശല്യം കുറയ്ക്കാനും അത്യാവശ്യമാണ് കുമ്മായം.
ജില്ലയിൽ 8000 ഹെക്ടർ കൃഷിയാണ് മൂന്നു പൂതലുമായി നടക്കുന്നത്. സുസ്ഥിര പദ്ധതിക്ക് ലഭിച്ചത് 2300 ഹെക്ടറിനുള്ള തുകമാത്രം. കുമ്മായത്തിന് 3630 ഹെക്ടറിനുള്ളതു ലഭിച്ചു. കഴിഞ്ഞ വർഷത്തെ 2445 ഹെക്ടറിനുള്ളത് കൊടുത്തു തീർക്കാനുണ്ടായിരുന്നു. അതും കഴിച്ചുള്ള തുകയാണ് ഈ വർഷത്തേക്കുള്ളത്. ഒരു ഹെക്ടറിന് 600 കിലോ കുമ്മായമാണ് സർക്കാർ നൽകിയിരുന്നത്. പൊതുവിപണിയിൽ 24 രൂപവരെയാണ് കുമ്മായത്തിന് വില. കൃഷി വകുപ്പ് കർഷകർക്ക് സബ്‌സിഡി നിരക്കിൽ ആറ്-ഏഴ് രൂപ നിരക്കിലാണ് കുമ്മായം നൽകുന്നത്. എന്നാൽ പല പാടശേഖരങ്ങളിലും ഇതിന്റെ പത്തിലൊന്നും അതിൽ കുറവുമൊക്കെയാണ് ഇത്തവണ കൃഷിവകുപ്പ് അനുവദിച്ചത്.
എടപ്പാൾ പഞ്ചായത്തിൽ 440 ഹെക്ടറിൽ 156 ഹെക്ടറിലേക്കാണ് കുമ്മായം ലഭിച്ചത്. തൊട്ടടുത്തുള്ള തൃത്താല ബ്ലോക്കിൽ 2800 ഹെക്ടർ നെൽകൃഷിയുള്ളിടത്ത് 150 ഹെക്ടറിനുള്ള കുമ്മായമാണ് ലഭിച്ചത്. പെരുമ്പടപ്പ് ബ്ലോക്കിൽ 1300 ഹെക്ടറിന് വേണ്ടിടത്ത് 400 ഹെക്ടറിനാണ് കിട്ടിയത്. സുസ്ഥിര നെൽകൃഷി പദ്ധതിപ്രകാരം ഹെക്ടറിന് 5500 രൂപയാണ് നൽകിയിരുന്നത്. ഇത് ഓരോ പാടശേഖരത്തിലുമുള്ള കൃഷിയിടത്തിന്റെ അളവിന്റെ കാൽഭാഗംപോലും നൽകുന്നില്ല. എടപ്പാളിൽ 440 ഹെക്ടറിലേക്ക് 5500 രൂപ നിരക്കിൽ 24,20,000 കിട്ടേണ്ടിടത്ത് 160 ഹെക്ടറിനുള്ള 8,80,000 രൂപമാത്രമാണ്. കൃഷിവകുപ്പ് ആവശ്യത്തിന് കുമ്മായം അനുവദിക്കാതായതോടെ വലിയ വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയിലാണ് ഈ വർഷം. പത്തുകിലോയുടെ ബാഗിന് കൃഷിവകുപ്പ് 60 രൂപ ഈടാക്കുമ്പോൾ പുറത്ത് 230-250 രൂപ വരെ നൽകണം.