എടപ്പാൾ : നേരം ഇരുട്ടിയാൽ എടപ്പാൾ മേൽപാലവും ഇരുട്ടിലാകും. ഉദ്ഘാടന സമയത്തു റോഡ്സ് ആൻഡ് ബ്രിജസ് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ പൂർണമായും കണ്ണടച്ചതോടെയാണു പാലം ഇരുട്ടിലമർന്നത്. പാലത്തിന്റെ ഇരുവശത്തെയും സർവീസ് റോഡുകളെ വേർതിരിക്കുന്ന ഭാഗത്തു സ്ഥാപിച്ച റിഫ്ലക്ടറുകൾ നശിച്ച അവസ്ഥയിലാണ്. ഇതു നിരന്തരം അപകടങ്ങൾക്കും ഇടയാക്കുകയാണ്. കഴിഞ്ഞദിവസം കമ്പി കയറ്റിവന്ന ലോറി സുരക്ഷാഭിത്തിയിൽ ഇടിച്ച് അപകടം സംഭവിച്ചതാണ് ഒടുവിലത്തേത്. ഒട്ടേറെ അപകടങ്ങൾ വേറെയും നടന്നു. പാഴ്സൽ ലോറി പാലത്തിനു മുകളിൽ അപകടത്തിൽപെട്ടു ഡ്രൈവർ മരിച്ച സംഭവവും ഉണ്ടായി.
ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ഏക ആശ്രയം. സംസ്ഥാനപാത കടന്നുപോകുന്ന പ്രധാന ടൗണിന്റെ അവസ്ഥയാണിത്. ഇതരസംസ്ഥാനങ്ങളിൽനിന്നും അയൽ ജില്ലകളിൽനിന്നും വരുന്ന ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്കു ടൗണിലെ മേൽപാലം പരിചിതമല്ല.ഇവിടെ എത്തുമ്പോൾ സർവീസ് റോഡുകളും പാലവും വേർതിരിച്ചു കാണാനാകാത്തതാണു പലപ്പോഴും അപകടങ്ങൾക്ക് വഴിമരുന്നിടുന്നത്. വീതി കുറഞ്ഞ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ ദിശതെറ്റി കടകൾക്കുള്ളിലേക്ക് ഇടിച്ചുകയറുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നതാണു നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രധാന ആവശ്യം.