പൊന്നാനി : ഇടുങ്ങിയ അങ്ങാടിപ്പാലത്തിൽ കാൽനട യാത്രക്കാരുടെ ആശ്രയമായ നടപ്പാലം ജല അതോറിറ്റി പൈപ്പിടൽ പ്രവൃത്തിക്കുവേണ്ടി അടച്ചതിനെതിരെ കടുത്ത പ്രതിഷേധം. വഴിയടച്ചതോടെ നാട്ടുകാരും കച്ചവടക്കാരും ദുരിതത്തിലായി. അമൃത് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിക്കുന്നത് അങ്ങാടിപ്പാലത്തിനോടു ചേർന്നുള്ള നടപ്പാതയ്ക്കു മുകളിലൂടെയാണ്.
പാലത്തിന്റെ ഇരുഭാഗത്തും ആഴത്തിലുള്ള കിടങ്ങുകൾ നിർമിച്ചു വഴിയടച്ചതോടെ, കാൽനടയാത്രക്കാർ പാലത്തിൽ നിന്നു റോഡിലേക്കു ചാടിയിറങ്ങേണ്ട അവസ്ഥയാണ്. ഒരേസമയം ഇരു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ വന്നാൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെടുന്ന അങ്ങാടിയിലാണ് ഉദ്യോഗസ്ഥരുടെ ഇൗ ഇരുട്ടടി.പാലത്തിനു മുകളിലൂടെ പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകിയതു പരിശോധിക്കണമെന്നും ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവൃത്തിയാണെന്നും നാട്ടുകാർ ആരോപിച്ചു.
അങ്ങാടിപ്പാലവും റോഡും വീതി കൂട്ടുന്നതിനുള്ള പദ്ധതികൾ പതിറ്റാണ്ടുകളായി ചർച്ചചെയ്തു വരികയാണ്. വീതിക്കുറവിന്റെ സകല ദുരിതവും പേറി നിൽക്കുന്നിടത്താണ് ജലഅതോറിറ്റിയുടെ വക നാട്ടുകാർക്ക് മറ്റൊരു ദുരിതം കൂടി നൽകിയിരിക്കുന്നത്.