പൊന്നാനി : സി.പി.എം. ഭരിക്കുന്ന നഗരസഭയ്ക്കെതിരേ സമരവുമായി സി.ഐ.ടി.യു. നിയന്ത്രണത്തിലുള്ള വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ.കുണ്ടുകടവ് ജങ്ഷനിൽനിന്ന് അനധികൃവഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചതിനെതിരേയാണ് സി.ഐ.ടി.യു. രംഗത്തെത്തിയത്. നഗരസഭാ കാര്യാലയത്തിനുമുൻപിൽ നടത്തിയ ധർണയിൽ സി.ഐ.ടി.യു.വുമായി ബന്ധമുള്ള സി.പി.എം. ഏരിയാകമ്മിറ്റിയിലെ നേതാക്കളും പങ്കെടുത്തു.നഗരത്തിലെവഴിയോരക്കച്ചവടക്കാർക്കെതിരായബുൾഡോസർരാജ്അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പൊന്നാനി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്കുമുൻപിൽ ധർണ നടത്തിയത്.
കുണ്ടുകടവ് ജങ്ഷനിൽനിന്ന് ഒഴിപ്പിച്ച കച്ചവടങ്ങൾ പുനഃസ്ഥാപിക്കുക, സർവേ കുറ്റമറ്റതാക്കുക, എല്ലാ വഴിയോരക്കച്ചവടക്കാർക്കും ഉടൻ ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. കുണ്ടുകടവ് ജങ്ഷനിലെ അനധികൃത തെരുവുകച്ചവടത്തിന് ഒരുമാസം മുൻപ് നഗരസഭ പൂട്ടിട്ടിരുന്നു. ഇവർക്ക് ശക്തി തിയേറ്ററിന് സമീപത്തെ പാതയോരത്ത് താത്കാലിക സംവിധാനവും നഗരസഭ ഒരുക്കി. കൂടാതെ ലൈസൻസുള്ളവരെ പുനരധിവസിപ്പിക്കുവാനും ലൈസൻസില്ലാത്തവർക്ക് ലൈസൻസ് നൽകാനുമുള്ള തീരുമാനവുമായി നഗരസഭ മുന്നോട്ടുപോകുന്നതിനിടെയാണ് സി.ഐ.ടി.യു. പരസ്യ പ്രതിഷേധവുമായി വന്നത്.
വഴിയോരക്കച്ചവട തൊഴിലാളിയൂണിയൻ ജില്ലാ സെക്രട്ടറി എം. ബാപ്പുട്ടി ധർണ ഉദ്ഘാടനംചെയ്തു. പി. മുഹമ്മദാലി അധ്യക്ഷതവഹിച്ചു.അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ജില്ല ഖജാൻജിയും സി.പി.എം. പൊന്നാനി ഏരിയാ സെന്റർ അംഗവുമായ എം.എ. ഹമീദ്, സി.ഐ.ടി.യു. പൊന്നാനി ഏരിയാ സെക്രട്ടറിയും സി.പി.എം. ഏരിയാ കമ്മിറ്റി അംഗവുമായ സുരേഷ് കാക്കനാത്ത്, പി.എച്ച്. കബീർ എന്നിവർ പ്രസംഗിച്ചു.