എടപ്പാൾ : ഉൾക്കൊള്ളാവുന്നതിലധികം കുട്ടികളുണ്ട് എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ. എന്നാൽ, ആവശ്യത്തിന് കെട്ടിടമില്ല, ഫർണിച്ചറില്ല, സ്ഥിരം അധ്യാപകരുമില്ല. ഈ കഷ്ടപ്പാടുകൾക്കിടയിലൂടെയാണ് ഇപ്പോൾ ഹയർസെക്കൻഡറി വിഭാഗം മുന്നോട്ടുപോകുന്നത്. ഈ അവസ്ഥയിൽ പഠിച്ച് കുട്ടികൾ എങ്ങനെ ഉന്നതവിജയം നേടുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും.
അഞ്ച് അധികബാച്ചും അഞ്ച് സ്ഥിരം ബാച്ചുകളുമാണ് എടപ്പാൾ സ്കൂളിലുള്ളത്. സയൻസ്-നാല്, കൊമേഴ്‌സ്-മൂന്ന്, ഹ്യുമാനിറ്റീസ്-മൂന്ന് എന്നിങ്ങനെയാണ് 10 ബാച്ചുകൾ. മൂന്ന് താത്കാലിക ബാച്ചുകൾ നേത്തേതന്നെയുണ്ട്. ഇത്തവണ ഓരോ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് അധിക താത്കലാക ബാച്ചുകൾകൂടി അനുവദിച്ചു. 10 പ്ലസ് വൺ ക്ലാസുകളിലായി ആകെ 640 കുട്ടികളുണ്ട്. എട്ട് പ്ലസ് ടു ക്ലാസുകളിലായി 520 പേരും. അടുത്തവർഷം രണ്ടാം ബാച്ചുകൂടി വന്നാൽ ക്ലാസുകൾ 20 ആകും.
50 കുട്ടികളെ ഇരുത്തുന്ന ക്ലാസ്‌മുറിക്ക് 30×20 അടിയെങ്കിലും വിസ്തീർണം വേണമെന്നാണ് നിർദേശം. എന്നാൽ, 65 വരെ കുട്ടികളുള്ള ഇവിടുത്തെ ക്ലാസ്‌മുറികൾക്ക് 20×20 അടി മാത്രമാണ് വിസ്തീർണം. 35 മുതൽ 40 വരെ കുട്ടികൾക്കേ ഇത്തരം ക്ലാസുകളിൽ ശരിയാംവിധം ഇരിക്കാൻ കഴിയൂ. ഇനിയും 10 ക്ലാസ് മുറികളെങ്കിലും കൂടുതലായി ഉണ്ടെങ്കിലേ ഇവിടെ സുഗമമായ പഠനം നടക്കൂ.22 സ്ഥിരം അധ്യാപകരും 20 ദിവസവേതനക്കാരുമാണ് സ്കൂളിലുള്ളത്. നിന്നുതിരിയാൻ ഇടമില്ലാത്ത ക്ലാസ്‌മുറികളിൽ ഉച്ചത്തിൽ അലറിവേണം ഇവർക്ക് ക്ലാസെടുക്കാൻ.
ലാബുണ്ട്, ഫർണിച്ചറില്ല,ലാബ്, ലൈബ്രറി, ഹാൾ എന്നിവയെല്ലാമുണ്ടെങ്കിലും അവിടെയൊന്നും ഫർണിച്ചറില്ല. എല്ലാം പ്ലസ് വൺ ക്ലാസുകൾക്കായി എടുത്തിട്ടുണ്ട്. അതോടെ ലാബും ലൈബ്രറിയുമെല്ലാം ശരിയായി ഉപയോഗിക്കാനാവാത്ത അവസ്ഥയാണ്. ഇത്രയും കുട്ടികൾക്ക് പരിശീലനംനേടാൻ വിശാലമായ ലാബുതന്നെ വേണം. അതിനുള്ള നടപടിയുമുണ്ടായിട്ടില്ല. കുടിവെള്ളം, ശൗചാലയസൗകര്യങ്ങളും പരിതാപകരമാണ്.പുതിയ കെട്ടിടത്തിന് സ്ഥലമില്ല,സ്ഥലമുണ്ടായിരുന്നിടത്തെല്ലാം കെട്ടിടംപണിതു. മൈതാനമുണ്ടായിരുന്നിടത്ത് ആർക്കും ഗുണമില്ലാതെ കോടികൾ ചെലവഴിച്ചുള്ള സ്റ്റേഡിയവും നിർമിച്ചു.രണ്ട് ക്ലാസുകൾ നടക്കുന്ന ഷീറ്റിട്ട കെട്ടിടഭാഗം പൊളിച്ചാൽമാത്രം ഒരു കെട്ടിടം പണിയാം. ചോർച്ചയെല്ലാമുണ്ടെങ്കിലും ഫിറ്റ്‌നസ് ലഭിച്ചതോടെ അതങ്ങനെ തുടരുന്നു. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും അത് ഉപയോഗിക്കാനായിട്ടില്ല.
കഷ്ടപ്പെട്ടുണ്ടാക്കി വിജയം,പലവിധ പ്രയാസങ്ങളിലൂടെ കടന്നുപോയിട്ടും അധ്യാപകരുടെ കഠിനാധ്വാനത്തിന്റെകൂടി ഫലമായി കഴിഞ്ഞവർഷം 84 ശതമാനമായിരുന്നു വിജയം. സയൻസിൽ 90, ഹ്യുമാനിറ്റീസ് 77, കൊമേഴ്‌സ് 85 എന്നിങ്ങനെയാണ് വിജയശതമാനം. 46 കുട്ടികൾക്ക് എ പ്ലസും 95 കുട്ടികൾക്ക് 90 ശതമാനത്തിലേറെ മാർക്കും കിട്ടി.കെ.ടി. ജലീൽ എം.എൽ.എ.യും ജില്ലാ പഞ്ചായത്തുമെല്ലാം പറ്റുന്ന രീതിയിൽ ഇവിടേക്ക് സഹായങ്ങളെത്തിക്കുന്നുണ്ട്. അഞ്ച് അധിക ബാച്ചുകളും അഞ്ച് സ്ഥിരം ബാച്ചുകളുമായി കഷ്ടപ്പെട്ടാണ് എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്കൂൾ മുന്നോട്ടുപോകുന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ഇത്തവണ രണ്ട് അധിക ബാച്ചുകൾ വന്നതോടെ ഇവരുടെ ദുരിതം ഇരട്ടിയായി