തിരുനാവായ: മഴ കുറഞ്ഞതോടെ ഭാരതപ്പുഴ വീണ്ടും മെലിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്കും നിളയുടെ ക്ഷീണം മാറ്റാനായിട്ടില്ല. പുഴയുടെ മധ്യഭാഗത്ത് മണൽത്തിട്ടകളും തുരുത്തുകളും വീണ്ടും തെളിഞ്ഞിട്ടുണ്ട്. തുരുത്തുകളിലെ വലിയ പനമരങ്ങളും പുല്ലുകളും കരയിൽനിന്നു പൂർണമായി കാണാം. കുറ്റിപ്പുറം മുതൽ ചമ്രവട്ടം വരെയാണ് പുഴയുടെ ദയനീയ സ്ഥിതി വ്യക്തമായി കാണുന്നത്. കർക്കടകത്തിൽ കനത്തു പെയ്ത മഴയിൽ പുഴയുടെ ഇരുകരകളും മുട്ടുകയും മധ്യഭാഗത്തെ മണൽത്തിട്ടകളും തുരുത്തുകളും വെള്ളത്തിൽ മൂടിപ്പോകുകയും ചെയ്തിരുന്നു. പുഴയിലുണ്ടായിരുന്ന കാലികൾ ഒലിച്ച് അഴിമുഖം വരെയെത്തുന്ന സ്ഥിതിയുണ്ടായി. പുഴ അപകടകാരിയാകുമെന്ന് വിവിധ വകുപ്പുകൾ മുന്നറിയിപ്പും പുറപ്പെടുവിച്ചു.

മഴ കുറഞ്ഞതോടെ ശാന്തഭാവത്തിലേക്കു പുഴ മാറി. വെള്ളം ഒലിച്ചു പോയതോടെ വീണ്ടും മെലിയുകയായിരുന്നു. ഇപ്പോൾ ചെറുപുഴകളായാണ് നിളയുടെ ഒഴുക്ക്. ഇരു കരകളോടും ചേർന്ന് വെള്ളമൊഴുകുന്നുണ്ടെങ്കിലും മധ്യഭാഗത്ത് വെള്ളമേയില്ല. ഇവിടെ മണൽ കൂടുതലായി അടിഞ്ഞുകൂടിയിട്ടുണ്ട്. തിട്ടകൾ വലുതായിട്ടുമുണ്ട്. തുരുത്തുകളിലെ വലിയ മരങ്ങളും പുല്ലുകളും വീണ്ടും പുറത്തെത്തി. ചമ്രവട്ടം പദ്ധതിയുടെ ചോർച്ചയടയ്ക്കൽ 3–ാം വർഷമെത്തിയിട്ടും തീരാത്തതിനാൽ ഇത്തവണയും പുഴയിൽ വെള്ളം കെട്ടിനിർത്താൻ സാധിക്കില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *