എടപ്പാൾ : ടൗണിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിന്റെ ഭാഗമായി കാന നിർമാണത്തിനു തുടക്കമായി. ആദ്യഘട്ടമായി പട്ടാമ്പി റോഡിൽ ആണ് കാനകൾ നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണു  പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ മഴ പെയ്താൽ പട്ടാമ്പി റോഡിലൂടെ എത്തുന്ന മഴവെള്ളം ടൗണിലൂടെ ഒഴുകി പൊന്നാനി റോഡിലെ കടകളിലേക്കു വരെ എത്തുന്നുണ്ട്.ഇതിനാൽ വ്യാപാരികൾക്കു ലക്ഷങ്ങളുടെ നഷ്ടമാണു സംഭവിക്കുന്നത്. മേൽപാലം നിർമാണത്തിന്റെ ഭാഗമായി കാനകൾ മണ്ണടിഞ്ഞു നികന്നതും പലയിടത്തും കാനകൾ ഇല്ലാത്തതുമാണു വെള്ളം ഒഴുകിപ്പോകാൻ തടസ്സമായത്.ഇതിനു പരിഹാരമായാണു പട്ടാമ്പി റോഡ് മുതൽ പൊന്നാനി റോഡ് വരെയുള്ള ഭാഗത്തെ നടപ്പാതകൾ നവീകരിച്ചശേഷം ഐറിഷ് മോഡൽ കാനകൾ നിർമിക്കുന്നത്.നടപ്പാതകൾ പൂട്ടുകട്ട വിരിച്ചു മനോഹരമാക്കിയശേഷം കൈവരികളും നിർമിക്കും.ഇതോടെ ടൗണിലെ വെള്ളക്കെട്ടിനു ശാശ്വതപരിഹാരമാകുമെന്നാണു പ്രതീക്ഷ.

‘തൃശൂർ, കുറ്റിപ്പുറം റോഡുകളിലെയും നടപ്പാതകൾ നവീകരിക്കണം’ടൗണിലെ തൃശൂർ, കുറ്റിപ്പുറം റോഡുകളിലെയും നടപ്പാതകൾ നവീകരിക്കണമെന്ന ആവശ്യം ശക്തം. മേൽപാലം നിർമാണം പൂർത്തിയായ ശേഷം റോഡുകളിലെ കാനകൾ നവീകരിച്ച് ഐറിഷ് മോഡൽ കാനകൾ നിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ പാലം നിർമാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടെങ്കിലും കാനകൾ പഴയപടി തന്നെയാണ്. വിദ്യാർഥികൾ ഉൾപ്പെടെ റോഡിലൂടെ ഇറങ്ങിനടക്കേണ്ട സ്ഥിതിയാണ്. ഇതു പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു. കാനകൾ മണ്ണടിഞ്ഞു നികന്നതിനാൽ മലിനജലം റോഡിലൂടെയാണ് ഒഴുകുന്നത്. കൂടാതെ കൈവരികളും ഇല്ല. ഈ ഭാഗങ്ങളിൽ നടപ്പാതകൾ നവീകരിച്ചു കാനകൾ നിർമിച്ചു കൈവരികൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *