പൊന്നാനി: അങ്ങാടിപ്പാലം വീതി കൂട്ടുന്നതിന് 73.2 സെന്റ് ഭൂമി ഏറ്റെടുക്കാൻ നീക്കം. പാലത്തിന്റെ ഇരു ഭാഗങ്ങളിൽനിന്നുമായി മുക്കാൽ ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് ഇറിഗേഷൻ വകുപ്പ് നീക്കം തുടങ്ങിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക വിവരങ്ങൾ വകുപ്പ് ശേഖരിച്ചുകഴിഞ്ഞു. പാലത്തിനായുള്ള പുതിയ പദ്ധതി ഇറിഗേഷൻ ഡിസൈൻ വിഭാഗം തയാറാക്കി വരുന്നതിനിടയിലാണ്, തിരക്കേറിയ അങ്ങാടിയിൽനിന്നു പാലത്തിന്റെ ഇരുഭാഗങ്ങളിലായുള്ള ഭൂമി ഏറ്റെടുക്കാൻ നീക്കം തുടങ്ങിയത്. പൊന്നാനി ഭാഗത്തേക്ക് 34.75 സെന്റ് ഭൂമിയും ചന്തപ്പടി ഭാഗത്തേക്ക് 38.45 സെന്റ് ഭൂമിയും ആവശ്യമായി വരുമെന്നാണു കണക്ക്. ആരൊക്കയാണ് ഭൂവുടമസ്ഥർ, ഓരോ വ്യക്തികളിൽനിന്നും എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക തുടങ്ങിയ വിവരങ്ങളിലേക്കൊന്നും വകുപ്പ് കടന്നിട്ടില്ലെന്നാണ് അറിയുന്നത്.
പാലത്തിന്റെ അപ്രോച്ച് റോഡുകൾക്കായി റോഡിന്റെ ഇരുഭാഗങ്ങളിലും ഏറ്റെടുക്കേണ്ടിവരുന്ന ആകെ ഭൂമിയുടെ അളവു മാത്രമാണ് ഇപ്പോൾ ശേഖരിച്ചിരിക്കുന്നത്.നിലവിലെ ഇടുങ്ങിയ അങ്ങാടിപ്പാലം വീതികൂട്ടിയും ഉയർത്തിയും നിർമിക്കാനാണു പദ്ധതി. വലിയ ബോട്ടുകൾക്കു വരെ കനോലി കനാലിലൂടെ കടന്നുപോകാൻ സൗകര്യമൊരുക്കുന്ന തരത്തിലായിരിക്കും പാലം ഉയർത്തിനിർമിക്കുക. ഇതിന്റെ ഭാഗമായി അപ്രോച്ച് റോഡും ഉയർത്തേണ്ടി വരും. പൊന്നാനി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ പദ്ധതി വഴിയൊരുക്കും.റോഡിന് ഇരുവശവുമുള്ള പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് പലതവണ ഒൗദ്യോഗിക നീക്കങ്ങളുണ്ടായെങ്കിലും നടപടികൾ പാതിവഴിയിൽ നിലയ്ക്കുന്ന അവസ്ഥയായിരുന്നു.