കുറ്റിപ്പുറം: വിത്തെറിയാൻ ഉഴുതുമറിച്ച വയലിനു സമാനമാണ് ഇപ്പോൾ കുറ്റിപ്പുറം ടൗണിലെ തിരൂർ റോഡിന്റെ അവസ്ഥ. ജലജീവൻ പദ്ധതിക്കായി മാസങ്ങൾക്ക് മുൻപ് തിരൂർ റോഡ് വെട്ടിപ്പൊളിച്ച അധികൃതർ ഈ അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ഗവ.ടെക്നിക്കൽ സ്കൂളിലേക്കുള്ള വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാരും തിരൂർ, തിരുനാവായ, ആതവനാട്, പുത്തനത്താണി, ആലത്തിയൂർ ഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങളും ചെളിയും കുഴികളും നിറഞ്ഞ റോഡിലൂടെയാണ് കടന്നുപോകുന്നത്.
റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് കണ്ടറിഞ്ഞിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. ഏതാനും വർഷം മുൻപ് കോടികൾ ചെലവിട്ട് നവീകരിച്ചതാണ് കുറ്റിപ്പുറം–കൊടക്കൽ റോഡ്. ഭാരതപ്പുഴ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്‌ലൈനുകൾ സ്ഥാപിക്കാനാണ് റോഡിന്റെ 30 ശതമാനം ഭാഗം വെട്ടിപ്പൊളിച്ചത്.
പൈപ്‌ലൈൻ സ്ഥാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പൊളിച്ച ഭാഗം ടാർ ചെയ്ത് നവീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ഇതിനുപുറമേ ആറുവരിപ്പാതയുടെ ഭാഗമായി തിരൂർ റോഡിലെ റെയിൽവേ മേൽപാലത്തിന് അടിയിലും റോഡ് തകർന്നു കിടക്കുകയാണ്. കുഴികൾ നിറഞ്ഞ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. എത്രയും വേഗം റോഡ് നവീകരിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം തടയാനാണ് വിവിധ സംഘടനകളുടെ തീരുമാനം.