തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഉൽപ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈകോ. ഓണമടുത്തിരിക്കെയാണ് ഈ വിലവർധന. അത്യാവശ്യ സാധനങ്ങൾ ലഭിക്കാത്തതും വിലകുടിയതും ഈ ഓണക്കാലത്തും ജനങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെയാണ് വില വർധന. പഞ്ചസാരയ്ക്ക് ആറ് രൂപയാണ് കൂട്ടിയത്. അതോടെ 27 രൂപയിൽ നിന്ന് 33 രൂപ ആയി. മട്ട-കുറുവ അരിക്ക് മൂന്ന് രൂപ കൂടി 30 രൂപയിൽ നിന്ന് 33 രൂപയായി. തുവരപരിപ്പിന് നാല് രൂപ കൂടി 111 രൂപയിൽ നിന്ന് 115 രൂപയായി. സെപ്റ്റംബർ അഞ്ചു മുതൽ 14 വരെയാണ് ഓണം ഫെയർ.

ജില്ലാതല ഫെയറുകൾ സെപ്റ്റംബർ ആറു മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. അതോടൊപ്പം വിലക്കുറവിലും ചില ഉൽപന്നങ്ങൾ ഓണം ഫെയറിൽ ലഭിക്കും. ശബരി ഉൽപ്പന്നങ്ങൾ, മറ്റു എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, പഴം ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. 255 രൂപയുടെ ആറ് ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് ഈ ഓണത്തിന് വിപണിയിൽ ലഭിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *