എരമംഗലം : പൈപ്പിടാൻ പൊളിച്ച റോഡുകൾ നന്നാക്കാൻ വൈകിയതോടെ വെളിയങ്കോട് പഞ്ചായത്തിൽ 85 ലക്ഷം രൂപയുടെ റോഡ് നവീകരണം പ്രതിസന്ധിയിൽ. ജല ജീവൻ പദ്ധതിയുടെ പൈപ്പിടാൻ പൊളിച്ച റോഡ് നന്നാക്കലാണ് 2 വർഷമായി നടക്കാത്തത്. പഞ്ചായത്തിലെ 18 വാർഡുകളിലും ചെറുതും വലുതുമായ 90 കിലോമീറ്ററോളം റോഡാണ് പൈപ്പിടുന്നതിന് വേണ്ടി പൊളിച്ചത്. കരാർ പ്രകാരം വാട്ടർ അതോറിറ്റിയുടെ കരാറുകാരനാണ് ടാറിങ്ങും കോൺക്രീറ്റും നടത്തേണ്ടത്.
നടപടികൾ വൈകിയതോടെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചെയ്യേണ്ട 21 പദ്ധതികൾ സ്പിൽ ഓവറായി നീക്കിവച്ചിരിക്കുകയാണ്. മിക്ക ഗ്രാമീണ പാതകളും തകർന്നു കിടക്കുകയാണ്. ഡിസംബറിനുള്ളിൽ പൊളിച്ച റോഡ് നന്നാക്കുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ അറിയിച്ചു.