പൊന്നാനി : കടലേറ്റത്തെ ചെറുക്കാൻ തീരത്ത് 10.46 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന് സർക്കാർ അനുമതി. 2021 ഒക്ടോബറിൽ ഭരണാനുമതി ലഭിച്ച 10 കോടി രൂപയുടെ പദ്ധതിക്കാണ് 25.38 ശതമാനത്തിന്റെ അധികതുകയിൽ ഇപ്പോൾ പ്രവർത്തനാനുമതി ലഭിച്ചത്.
കാസർകോട് കേന്ദ്രമായുള്ള നിർമാണ കമ്പനിക്കാണ് കരാർ. ഈ മാസം 30-നു മുൻപായി നിർമാണം ആരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ. പത്രസമ്മേളനത്തിൽ അറിയിച്ചു. ടെൻഡറിൽ 25 ശതമാനം അധികതുക ആവശ്യപ്പെട്ടതിനെത്തുടർന്ന് പദ്ധതി സർക്കാരിന്റെ പരിഗണനയിലായിരുന്നു. നിരന്തരമായ ഇടപെടലിന്റെയും സമ്മർദങ്ങളുടെയും അടിസ്ഥാനത്തിലാണ് നാലിലൊന്ന് അധികതുകയ്ക്കുള്ള അനുമതി സർക്കാരിൽനിന്നു വാങ്ങിച്ചതെന്ന് എം.എൽ.എ. പറഞ്ഞു.
പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലായി 1084 മീറ്റർ കടൽഭിത്തിയാണ് നിർമിക്കുക. നഗരസഭയിൽ അലിയാർപള്ളിമുതൽ മരക്കടവുവരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പാലപ്പെട്ടിയിൽ 250 മീറ്ററും കടൽഭിത്തി നിർമിക്കും.
ഒരേസമയം ആയിരത്തിലേറെ മീറ്റർ കടൽഭിത്തി നിർമിക്കുന്നത് ഇതാദ്യമാണ്. ഇത്രയും അധികതുകയ്ക്കുള്ള ടെൻഡറിന് സർക്കാർ അനുമതി ലഭിക്കുന്നതും അപൂർവമാണ്. അടിയന്തരമായ പ്രവൃത്തി എന്ന നിലയിലാണ് അധികതുക അനുവദിച്ചത്. ഇക്കഴിഞ്ഞ കാലവർഷത്തിലും കനത്തമഴയിലും വലിയ നാശനഷ്ടമാണ് തീരദേശമേഖലയിലുണ്ടായത്. കടൽഭിത്തി യാഥാർഥ്യമാകുന്നതോടെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തുമെന്നും ചെല്ലാനം മോഡൽ ടെട്രാപോഡുകൾ തീരത്ത് സ്ഥാപിക്കുന്നത് സർക്കാർ പരിഗണനയിലാണെന്നും എം.എൽ.എ. പറഞ്ഞു.
കോൾമേഖലയുടെ വികസനത്തിന് 20.5 കോടി രൂപ
പൊന്നാനി : പൊന്നാനി, തൃശ്ശൂർ കോൾമേഖലയുടെ വികസനത്തിന് 20.5 കോടി രൂപ അനുവദിച്ചതായി പി. നന്ദകുമാർ എം.എൽ.എ. അറിയിച്ചു. നാലു മണ്ഡലങ്ങൾക്കായി അനുവദിച്ച തുകയിൽ പൊന്നാനി മണ്ഡലത്തിലൂടെയുള്ള കോൾമേഖലയ്ക്ക് 11.35 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റീബിൽഡ് കേരളയുടെ ഭാഗമായി കുറച്ച് തുകകൂടി അനുവദിക്കും.
പൊന്നാനി കോൾമേഖലയുടെ വികസനത്തിന് പ്രത്യേകമായ ഇടപെടലാണ് നടത്തുന്നത്. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച മോണിറ്ററിങ് യോഗം ചേരുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് അടിയന്തിര ഇടപെടലാണ് നടത്തുന്നത്. മുൻഗണന നിശ്ചയിച്ച് പദ്ധതികൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പൊന്നാനി സിവിൽസ്റ്റേഷനിലെ അനക്സ് നിർമാണത്തിന് ഭരണാനുമതിയായിട്ടുണ്ട് -എം.എൽ.എ. പറഞ്ഞു.