എടപ്പാൾ : ലോകത്ത് പകരം വെക്കുനില്ലാത്ത സ്‌നേഹത്തിന്റെ ഉറവിടമാണ് അമ്മയെന്നും വ്യക്തിയെ യഥാർഥ മനുഷ്യനായി പാകപ്പെടുത്തുന്നതിൽ ഇവർക്കുള്ള പങ്ക് വിലമതിക്കാനാവാത്തതാണെന്നും എം.പി. അബ്ദുസമദ് സമദാനി എം.പി. പറഞ്ഞു. പൊൽപ്പാക്കര പ്രിയദർശിനി യൂത്ത് കൾച്ചറൽ അസോസിയേഷൻ ഓണത്തോടനുബന്ധിച്ച് അമ്മമാരെ ആദരിക്കാനായി നടത്തിയ ‘അമ്മയ്ക്കൊരുമ്മ’ പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗ്രാമപ്പഞ്ചായത്തംഗവുമായ എം.കെ. ഭവാനിയമ്മയ്ക്ക് ഓണക്കോടി നൽകിയാണ് ഉദ്ഘാടനംനടന്നത്. സുരേഷ് പൊൽപ്പാക്കര അധ്യക്ഷനായി. പി.എം. മനോജ് എമ്പ്രാന്തിരി, എം.വി. പരമേശ്വരൻ, പി.പി. നാണു എന്നിവരെയും ആദരിച്ചു. പി.ടി. അജയ് മോഹൻ, സി. ഹരിദാസ്, ചട്ടിക്കൽ മാധവൻ, കെ.ജി. ബാബു, കെ. കുഞ്ഞാപ്പ, കെ.വി. നാരായണൻ, രാജേഷ് ആദിയാട്ട്, മോഹനൻ പള്ളശ്ശേരി, എ.വി. സുനിൽ എന്നിവർ പ്രസംഗിച്ചു.