പൊന്നാനി: വള്ളംകളിയുടെ ആർപ്പുവിളികളിൽ ബിയ്യം കായലിലും പൂക്കൈതപ്പുഴയിലും ഇത്തവണ ഓണം തിമിർക്കും.. 17ന് ഉച്ചയ്ക്ക് 2ന് പൊന്നാനി ബിയ്യം കായലിലും 19ന് ഉച്ചയ്ക്ക് 2ന് കടവനാട് പൂക്കെതപ്പുഴയിലും വള്ളംകളി നടക്കും. രണ്ടിടങ്ങളിലും മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. 13 മേജർ വള്ളങ്ങളും 11 മൈനർ വള്ളങ്ങളുമാണ് പൂക്കൈതപ്പുഴയിൽ മാറ്റുരയ്ക്കുക. ബിയ്യം കായലിൽ 14 മേജർ വള്ളങ്ങളും 12 മൈനർ വള്ളങ്ങളും പങ്കെടുക്കും. തുടർച്ചയായ രണ്ടാം തവണയാണ് പൊന്നാനിയിൽ ഓണക്കാലത്തോടനുബന്ധിച്ച് രണ്ട് വള്ളം കളി മത്സരങ്ങൾ നടക്കുന്നത്.
ബിയ്യം കായലിൽ ഇത്തവണ ബോട്ട് റേസിങ് കമ്മിറ്റിയാണ് വള്ളം കളി സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ താലൂക്ക് ടൂറിസം ഓണം വാരാഘോഷത്തോടനുബന്ധിച്ച് സർക്കാർ തലത്തിലാണ് വള്ളം കളി ഉൾപ്പെടെ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ വയനാട് ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ തല ഓണാഘോഷം വേണ്ടെന്ന് വച്ചിരുന്നു. പൊന്നാനിയിലെ വള്ളം കളി പ്രേമികൾ ഒരുമിച്ചാണ് പകരം വള്ളം കളി നടത്താൻ തയാറായി മുന്നോട്ടു വന്നത്.ഇതിനായി ബോട്ട് റേസിങ് കമ്മിറ്റി മുന്നിൽ നിൽക്കുകയായിരുന്നു.