എരമംഗലം : കാലാവധി കഴിയാറായ വിത്തുകളിലെ ആശങ്ക പരിഹരിച്ചുകൊണ്ട് പെരുമ്പടപ്പ് കൃഷിഭവൻ വിത്തുകൾ കർഷകർക്ക് വിതരണംചെയ്തു.അയിരൂർ കുട്ടാടം പാടത്ത് ഇനിയുള്ള നാളുകൾ മുണ്ടകൻ കൃഷിയുടേത്. പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്ത് പരിധിയിൽ മുണ്ടകൻ കൃഷിചെയ്യുന്ന ഏക പാടമാണ് അയിരൂർ.ഓഗസ്റ്റ് അവസാനത്തിൽ ഞാറ് നടീൽ തുടങ്ങാനായിരുന്നു പദ്ധതിയെങ്കിലും ഓഗസ്റ്റ് ആദ്യത്തിൽ പെരുമ്പടപ്പ് പഞ്ചായത്ത് കൃഷിഭവൻവഴി നൂറുശതമാനം സബ്‌സിഡിയോടെ കർഷകർക്ക് നൽകിയ ഉമ വിത്തിന്റെ കാലാവധി അവസാനിക്കാൻ ഒരാഴ്ചമാത്രം ബാക്കിയുണ്ടായിരുന്നത്.
ഇതേത്തുടർന്ന് കർഷകർ ആശങ്ക കൃഷിഭവൻ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.അയിരൂർ കുട്ടാടം പാടത്ത് മുണ്ടകൻകൃഷി വൈകുന്നത് സംബന്ധിച്ചു ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ആവശ്യപ്രകാരം വിത്ത് വികസന അതോറിറ്റിയിലെ അധികൃതർ പാടശേഖരത്തെത്തി വിത്തുകൾ കൊണ്ടുപോയിരുന്നു.വിത്തുകളുടെ സാമ്പിളുകൾ മുളപ്പിച്ചത്തിന്റെ ഗുണനിലവാരം ബോധ്യപ്പെടുത്തിയശേഷമാണ് കർഷകർക്ക് ഞായറാഴ്ച വിത്തുകൾ വിതരണംചെയ്തത്.വിത്തുകളുടെ വിതരണം പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിസാർ ഉദ്ഘാടനംചെയ്തു. കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.