പൊന്നാനി : രേഖകൾ പരിശോധിക്കാനുള്ള സമയം പൂർത്തിയായതോടെ ജില്ലയിൽ സർവിസ് നടത്താൻ അനുമതി ലഭിച്ചത് 11 ഉല്ലാസ ബോട്ടുകൾക്ക് മാത്രം. പൊന്നാനി ഭാരതപ്പുഴയിൽ ഒമ്പത് ഉല്ലാസ ബോട്ടുകളും താനൂരിൽ രണ്ട് സ്പീഡ് ബോട്ടുകളും മാത്രമാണ് മാരിടൈം ബോർഡിൽ മതിയായ രേഖകൾ സമർപ്പിച്ചത്. ഇതേത്തുടർന്നാണ് ഓണ സീസണിൽ സർവ്വീസ് നടത്താൻ 11 ബോട്ടുകൾക്ക് മാത്രം അനുമതി ലഭ്യമായത്. പൊന്നാനിയിൽ തുറമുഖ വകുപ്പ് ഓഫിസിൽ 11 ഉല്ലാസ ബോട്ടുകൾ അനുമതി തേടിയെത്തിയെങ്കിലും ഒമ്പത് എണ്ണത്തിനു മാത്രമാണ് അനുമതി നൽകിയത്.
ഈ ബോട്ടുകൾ സർവ്വീസ് നടത്താൻ പുഴയോരത്ത് സ്ഥാപിച്ചിട്ടുള്ള ജെട്ടികൾ നഗരസഭാധികൃതർ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. ഓരോ ബോട്ടുകാരും ബോട്ടിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണവും ബോട്ടിന്റെ രജിസ്ട്രേഷൻ നമ്പറും ജെട്ടിയിൽ പ്രദർശിപ്പിക്കണമെന്നും ബോട്ടിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ വിവരങ്ങൾ യാത്ര തുടങ്ങുന്നതിനു മുമ്പായി ജെട്ടിയിൽ രേഖപ്പെടുത്തണമെന്നും കർശന വ്യവസ്ഥയുണ്ട്.
കൂടുതൽ ആളുകളെത്തുന്ന ദിവസങ്ങളിൽ ഓരോ ജെട്ടിയിലും പൊലീസ് പട്രോളിങും നിർബന്ധമാക്കാൻ തഹസിൽദാരുടെ നേതൃത്വത്തിലുള്ള ബോട്ട് സുരക്ഷ കമ്മിറ്റി നിർദേശിച്ചിരുന്നു. ഭാരതപ്പുഴയിൽ സർവിസ് നടത്തുന്ന ബോട്ടുകളുടെ രേഖകൾ ഹാജരാക്കണമെന്ന് ഒന്നര മാസം മുൻപ് ബോട്ട് സുരക്ഷ കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 23 ഉല്ലാസ ബോട്ടുകാർ രേഖകൾ ഹാജരാക്കിയിരുന്നെങ്കിലും ഒരെണ്ണത്തിനു പോലും മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു അവസരം കൂടി ബോട്ടുകാർക്ക് നൽകിയത്. തുടർന്ന് രേഖകൾ പുതുക്കി തുറമുഖ വകുപ്പ് മുഖേന ഒമ്പത് ബോട്ടുകാർ സർവിസിന് അനുമതി നേടിയെടുക്കുകയായിരുന്നു.