താനൂർ : അവധി ആഘോഷിക്കാൻ തീരങ്ങളിലേക്കെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ കാര്യക്ഷമമായ നടപടികളില്ല. ജില്ലയിലെ പ്രധാന കടൽത്തീരങ്ങളായ താനൂർ തൂവൽത്തീരം, പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച്, പടിഞ്ഞാറെക്കര ബീച്ച്, പറവണ്ണ ബീച്ച്, ഉണ്ണിയാൽ ബീച്ച് എന്നിവിടങ്ങളിൽ രാപകലില്ലാതെ എത്തുന്നവരുടെ സുരക്ഷയ്ക്കായി ജില്ലയിൽ ആകെയുള്ളത് അഞ്ച് ലൈഫ് ഗാർഡുകൾ മാത്രമാണ്.
തീരത്തെ സന്ദർശകർക്ക് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര വകുപ്പ് 1985 മുതലാണ് ദിവസവേതന വ്യവസ്ഥയിൽ ലൈഫ് ഗാർഡുകളുടെ നിയമനം ആരംഭിച്ചത്. ഇങ്ങനെ 146 ലൈഫ് ഗാർഡുകളാണ് കേരളത്തിൽ ജോലിചെയ്യുന്നത്. ഇതിൽ അഞ്ച് പേർ മാത്രമാണ് ജില്ലയിലുള്ളത്. അതിൽത്തന്നെ മൂന്നുപേർ മാത്രമാണ് കടൽത്തീരത്ത് ജോലിയിൽ ഉള്ളത്. പൊന്നാനി, പരപ്പനങ്ങാടി കെട്ടുങ്ങൽ, താനൂർ തൂവൽത്തീരം എന്നിവിടങ്ങളിലാണ് മൂന്നുപേർ ജോലിചെയ്യുന്നത്. തൂവൽത്തീരത്തുള്ളയാൾ നിലവിൽ അവധിയിലുമാണ്. മറ്റു രണ്ടുപേരിൽ ഓരോരുത്തരെ കുറ്റിപ്പുറം മിനിപമ്പയിലും ആഢ്യൻപാറയിലുമായാണ് നിയമിച്ചിരിക്കുന്നത്.
പുതിയ ഉത്തരവനുസരിച്ച് ജില്ലയിലെ ലൈഫ് ഗാർഡുകളുടെ ജോലിസമയം രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയായാണ്. ഗാർഡുകൾ ഇടവേളയില്ലാതെ എല്ലാ ദിവസവും ജോലിചെയ്യണമെന്നാണ് പുതിയ ഉത്തരവിലുള്ളത്. ഈ സമയക്രമമനുസരിച്ച് കൂടുതൽ സഞ്ചാരികളെത്തുന്ന പ്രഭാതത്തിലും സന്ധ്യാസമയത്തും ലൈഫ് ഗാർഡുമാരുടെ സേവനം ലഭ്യമാകില്ല.
200 മുതൽ 300 മീറ്റർ വരെ നീളത്തിലുള്ള ഇടമാണ് ഒരു ലൈഫ് ഗാർഡിന്റെ നിരീക്ഷണച്ചുമതല. എല്ലാ തീരങ്ങളിലും സന്ദർശകരുടെ എണ്ണത്തിനും, തീരത്തിന്റെ വലിപ്പത്തിനും അനുസരിച്ച് കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.ലൈഫ് ഗാർഡുകൾക്ക് തൊഴിൽസുരക്ഷയും പെൻഷനുൾപ്പെടെയുള്ള ആനൂകൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് താനൂർ ഒട്ടുമ്പുറം സ്വദേശിയും കെട്ടുങ്ങൽ ബീച്ചിൽ ലൈഫ് ഗാർഡുമായ സമീർ ചിന്നൻ ആവശ്യപ്പെട്ടു. ജോലിക്കിടെ അപകടം സംഭവിച്ച് അവധിയെടുത്താൽപ്പോലും ലൈഫ് ഗാർഡിന്റെ വേതനം മുടങ്ങുന്ന സാഹചര്യമാണ്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കായുള്ള ശൗചായ സൗകര്യംപോലും തീരങ്ങളിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.