തവനൂർ : ഭാരതപ്പുഴയുടെ കരയിൽനിന്ന് നോക്കിയാൽ കാണുന്ന ദൂരമേ തവനൂരിനും തിരുനാവായയ്ക്കും ഇടയിലുള്ളൂ. നോക്കിയാൽ കാണുമെങ്കിലും ഇരുകരകളിലേക്കും ചെന്നെത്താൻ കിലോമീറ്ററുകൾ ചുറ്റിവളയണം.തിരുനാവായ സർവോദയമേളയുടെ കാലത്താണ് പുഴയിൽ കൂടുതൽ ആളനക്കമുണ്ടാകുന്നത്. മഹാത്മജിയുടെ ചിതാഭസ്‌മം ഏറ്റുവാങ്ങിയ തിരുനാവായയ്ക്കും കേരളഗാന്ധി അന്തിയുറങ്ങുന്ന തവനൂരിലെ നദിക്കരയ്ക്കും എത്രകാലമിങ്ങനെ രണ്ടായി നിൽക്കാനാകും? മേളയുടെ സമയത്ത് ഭാരതപ്പുഴയ്ക്കുകുറുകെ പണിയുന്ന താത്കാലിക നടപ്പാലമായിരുന്നു ഇരുകരകളെയും ബന്ധിപ്പിച്ചിരുന്നത്. ഏതാനും വർഷങ്ങളായി നടപ്പാലം നിർമിക്കാറില്ല. പിന്നെ പുഴ കടക്കാൻ ആശ്രയം കടത്തുതോണിയായി.

ത്രിമൂർത്തി സംഗമസ്ഥാനമാണിവിടമെന്നാണ് ഹൈന്ദവവിശ്വാസം. തിരുനാവായയിൽ നാവാമുകുന്ദനും അക്കരെ തവനൂരിൽ ബ്രഹ്മാ-ശിവക്ഷേത്രങ്ങളുമുണ്ട്. നാവാമുകുന്ദന്റെ തിരുനടയിൽ ബലിതർപ്പണത്തിനെത്തുന്നവർ ബ്രഹ്മാവിനെയും ശിവനെയും നോട്ടംകൊണ്ട് ദർശിച്ച് മടങ്ങാറാണു പതിവ്. എത്തിപ്പെടാനുള്ള പ്രയാസംതന്നെ കാരണം.ഇതെല്ലാം വർഷങ്ങളായി തവനൂരിലെയും തിരുനാവായയിലെയും ജനങ്ങൾ കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളാണ്. ഭാരതപ്പുഴയുടെ ഇരുകരകളിലാണെങ്കിലും തവനൂരും തിരുനാവായയും തമ്മിൽ അടുത്തബന്ധമുണ്ടെന്ന് ചരിത്രം പറയുന്നു. പുഴയ്ക്കുകുറുകെ ഒരു പാലമിട്ടാൽ ഇരുകരകൾ തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢമാകും. ഒട്ടേറെ ടൂറിസം സാധ്യതകൾ തെളിഞ്ഞുവരും. ഇരുകരയെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്കുകുറുകെ ഒരു പാലം എന്നത് അങ്ങനെ എല്ലാവരുടെയും ഒരു സ്വപ്‌നമായി മാറി.

തിരുനാവായയ്ക്കും തവനൂരിനും ഇടയിലുള്ള യാത്രാക്ലേശത്തിന് പരിഹാരം, കൊച്ചി-കോഴിക്കോട് ദൂരം കുറയും, വട്ടപ്പാറ വളവ് ഒഴിവാക്കി യാത്രചെയ്യാം, കുറ്റിപ്പുറം പാലത്തിന് ബദലായി ഉപയോഗിക്കാം, കാർഷിക എൻജി. കോളേജിന്റെ പ്രസക്തിയേറും, തിരുനാവായ സർവോദയമേളക്കാലത്തെ താത്കാലിക നടപ്പാലവും കടത്തുതോണിയും ഒഴിവാക്കാം, സാംസ്‌കാരിക-പൈതൃക-തീർഥാടന ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കാം എന്നിവയായിരുന്നു നേട്ടങ്ങളായി അന്ന് വിലയിരുത്തിയത്.ഭരണാനുമതിയെന്ന ആദ്യപടി 2009 ജൂലായ് 14-നാണ് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചത്. പിന്നീട് കാര്യമായ തുടർനടപടികളുണ്ടായില്ല. പാലം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി രംഗത്തുവന്നു. തവനൂർ മണ്ഡലം രൂപവത്കരണത്തിനുശേഷം കെ.ടി. ജലീൽ എം.എൽ.എ. ആയി എത്തിയപ്പോഴാണ് തുടർചലനങ്ങളുണ്ടായത്. തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡിവലപ്‌മെന്റ് എന്ന ഏജൻസിയെ സാമൂഹികാഘാത പഠനം നടത്താൻ ചുമതലപ്പെടുത്തി. പഠനറിപ്പോർട്ട് വിലയിരുത്തുന്നതിനായി വിദഗ്ധസമിതി രൂപവത്കരിച്ചു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.

-10 ബജറ്റിലാണ് പാലം നിർമാണത്തിന് ആദ്യമായി തുക അനുവദിക്കുന്നത്. വിശദമായ സർവേ ജോലികളും ജിയോ ടെക്നിക്കൽ അന്വേഷണങ്ങളും നടത്തി അലൈൻമെന്റ് പ്ലാൻ പി.ഡബ്ല്യു.ഡി. തയ്യാറാക്കി. 2010 ഏപ്രിൽ 29-ന് പാലം നിർമാണം റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷനെ ഏൽപ്പിച്ച് സർക്കാർ ഉത്തരവിറക്കി.തുടർന്ന് ഭൂമി ഏറ്റെടുക്കാനുള്ള സർവേ ആരംഭിച്ചെങ്കിലും ഇതിന് ഫണ്ട് അനുവദിക്കണമെന്ന റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡിവലപ്മെന്റ് കോർപ്പറേഷന്റെ അപേക്ഷ സർക്കാർ പരിഗണിച്ചില്ല. ഭൂമി ഏറ്റെടുക്കൽ നിയമത്തിൽവന്ന മാറ്റം നടപടിക്രമങ്ങൾ വൈകാൻ കാരണമായി.

പിന്നീട് കിഫ്ബി സഹായധനത്തോടെയുള്ള പദ്ധതികളിൽ പാലം നിർമാണം ഉൾപ്പെടുത്താൻ സർക്കാർ 2016 ഒക്ടോബറിൽ തീരുമാനമെടുത്തു. 2017 ജനുവരി 16-ന് കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കാൻ സർക്കാർ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷനെ ഏൽപ്പിച്ചു. പാലം നിർമാണത്തിനായി 2017 ഡിസംബർ 16-ന് 53.38 കോടി കിഫ്ബി അനുവദിക്കുകയുംചെയ്തു. ഭൂമി നഷ്ടപ്പെടുന്നവരിൽ ചിലർ കോടതിയെ സമീപിച്ചതോടെ വീണ്ടും കാലതാമസമുണ്ടായി.സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി നിർമാണത്തിന്റെ ഘട്ടത്തിലെത്തി നിൽക്കുകയാണിപ്പോൾ തവനൂർ-തിരുനാവായ പാലം എന്ന സ്വപ്‌നപദ്ധതി. വിശ്വാസത്തെ വ്രണപ്പെടുത്തിയാണ് ത്രിമൂർത്തി സംഗമസ്ഥാനത്ത് പാലം പണിയുന്നതെന്ന ആരോപണം പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

നിലവിലെ അലൈമെന്റിന് ബദൽനിർദേശവുമായി മെട്രോമാൻ ഇ. ശ്രീധരൻതന്നെ രംഗത്തുവന്നു. ചെലവുകുറഞ്ഞ രീതിയിൽ പാലം പണിയാനുള്ള രൂപരേഖ അദ്ദേഹം സർക്കാരിന് സമർപ്പിച്ചു. സർക്കാർ അത് ഗൗരവമായെടുത്തില്ല. താൻ സമർപ്പിച്ച രൂപരേഖപ്രകാരം പാലം നിർമിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ. ശ്രീധരൻ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.നിലവിലെ അലൈമെന്റിൽ മാറ്റം സാധ്യമല്ലെന്ന നിലപാടിലാണ് അധികൃതർ. പാലം നിർമാണം പ്രതിഷേധങ്ങൾക്കും നിയമപോരാട്ടത്തിലേക്കും വഴി തുറക്കുമ്പോൾ സ്വപ്‌നപദ്ധതിയ്ക്കുമീതെ ആശങ്ക നിറയുകയാണ്. പാലം എന്നത് ഇരുകരകളിലുമുള്ളവരുടെ ആവശ്യമാണ്. അത് എവിടെ വരണമെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.

Related Post

Leave a Reply

Your email address will not be published. Required fields are marked *