തവനൂർ : ഭാരതപ്പുഴയോരത്ത് ഒട്ടേറേ പ്രതീക്ഷകൾ നിറയ്ക്കുന്ന പദ്ധതിയാണ് തവനൂർ-തിരുനാവായ പാലം. പദ്ധതി യാഥാർഥ്യമായാൽ നിളയോട് അതിരുപങ്കിടുന്ന തവനൂരിനേയും തിരുനാവായയേയും കാത്തിരിക്കുന്നത് ഒട്ടേറേ വികസന സാധ്യതകളാണ്.ഗതാഗതസൗകര്യം മാത്രമല്ല, തീർഥാടന ടൂറിസത്തിനും വലിയ സാധ്യതകളാണ് ഇരുകരകളിലുമുള്ളത്. പാലം വരുന്നതോടുകൂടി തിരുനാവായ സർവോദയമേളയുടെ പ്രസക്തിയേറും. വിവിധയിടങ്ങളിലുള്ള ഗാന്ധിയൻ-സർവോദയ പ്രവർത്തകർക്ക് എത്തിച്ചേരാനുള്ള സൗകര്യമേറുമെന്നുമാത്രമല്ല മേളയുടെ സമാപനദിവസം നടക്കുന്ന ശാന്തിയാത്രയ്ക്കും പാലം ഏറെ ഉപകരിക്കും.

ക്ഷേത്രങ്ങൾ മാത്രമല്ല ഇരുകരകളെയും പ്രസിദ്ധമാക്കുന്നത്. പണ്ടുകാലത്ത് വേദമന്ത്രങ്ങൾ ഉരുക്കഴിച്ചിരുന്ന വേദപാഠശാല നിളയോടുചേർന്ന് തവനൂരിലുണ്ട്. ഇരുകരകളിലും ഒട്ടേറേ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. സംസ്ഥാനത്തെതന്നെ ഏക കാർഷിക എൻജിനിയറിങ് കോളേജ് സ്ഥിതിചെയ്യുന്നത് തവനൂരിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഇരുകരളെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയിൽ പാലം നിർമിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. കരാറൊപ്പിട്ടു, എന്നിട്ടും വൈകി.

2021-ൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. പിന്നീട് രണ്ടു വർഷത്തിനുശേഷമാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കി 2023 ഏപ്രിൽ 20-ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി നിർമാണ കരാർ ഒപ്പിട്ടത്. 48.83 കോടിരൂപയ്ക്കാണ് കരാർ. കരാർ ഒപ്പുവെച്ചെങ്കിലും കമ്പനി സമർപ്പിച്ച ഡിസൈൻ സർക്കാർ അംഗീകരിക്കാൻ കാലതാമസമുണ്ടായി. യു.എച്ച്.പി.എഫ്.ആർ.സി. എന്ന പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണരീതി പരീക്ഷിക്കാനാണ് കമ്പനി ഉദ്ദേശിച്ചത്. ഒരുവർഷത്തിലധികം കാത്തിരുന്നാണ് കമ്പനി സമർപ്പിച്ച ഡിസൈൻ സർക്കാർ അംഗീകരിച്ചതും ഈമാസം എട്ടിന് നിർമാണോദ്ഘാടനം നിർവഹിച്ചതും.

നടപ്പാതയോടുകൂടിയ പാലത്തിന്റെ വീതി 11 മീറ്ററാണ്. 1200 മീറ്ററോളമാണ് പാലത്തിനും സമീപനറോഡിനുമായി നീളമുണ്ടാവുക. പാലത്തിന് 805 മീറ്റർ നീളമുണ്ടാകും. 63 മീറ്റർ നീളത്തിൽ 13 സ്പാനുകൾ. തവനൂർ ഭാഗത്ത് 260 മീറ്ററും തിരുനാവായ ഭാഗത്ത് 120 മീറ്ററുമാണ് സമീപന റോഡ്. 0.529 ഹെക്ടറോളം ഭൂമിയാണ് 26 വ്യക്തികളിൽനിന്നായി ഏറ്റെടുത്തത്. 3.65 കോടിരൂപയാണ് ഭൂമി ഏറ്റെടുക്കലിന് ചെലവായത്.

അൾട്രാ ഹൈ പെർഫോമൻസ് ഫൈബർ റീയിൻഫോഴ്‌സ്ഡ് കോൺക്രീറ്റ് ടെക്‌നോളജി (യു.എച്ച്.പി.എഫ്.ആർ.സി.ടി.) യാണ് നിർമാണത്തിനുപയോഗിക്കുന്നത്.നിർദിഷ്ട അലൈൻമെന്റിൽ തവനൂർ-തിരുനാവായ പാലം നിർമിക്കണമെന്ന ആവശ്യവുമായി ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഞായറാഴ്ച തവനൂരിലെ ബ്രഹ്മ-ശിവക്ഷേത്രപരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. നിലവിലെ അലൈൻമെന്റിൽ പാലം നിർമിക്കണമെന്നാണ് ഗ്രാമപ്പഞ്ചായത്തിന്റെയും സി.പി.എമ്മിന്റെയും നിലപാട്. എന്നാൽ, മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ച അലൈൻമെന്റിൽ പാലം നിർമിക്കണമെന്നാണ് ബി.ജെ.പി.യും ജില്ലാ സർവോദയമണ്ഡലവും ആവശ്യപ്പെടുന്നത്. വിഷയത്തിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സ്റ്റീൽ കമ്പിക്കുപകരം സ്റ്റീൽ ഫൈബറുകളാണ് നിർമാണത്തിന് ഉപയോഗിക്കുക. പൂഴി, പാറപ്പൊടി എന്നിവയ്ക്കുപകരം മൈക്രോ സിലിക്കയും ഫ്ളൈ ആഷുമാണ് ഉപയോഗിക്കുക. കൂടുതൽ ഈടും ബലവും കോൺക്രീറ്റിന് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. സാധാരണ കോൺക്രീറ്റിനേക്കാൾ നാലുമടങ്ങ് ബലമുണ്ടാകും. 100 മടങ്ങാണ് ഈടുനിൽപ്പ്. നിർമാണച്ചെലവ് 25 ശതമാനം വരെ കുറയ്ക്കാനുമാകും. കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാം. തുരുമ്പിക്കലും പൊട്ടലും ഇല്ല എന്നതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികൾ കുറയും. 35 ശതമാനംവരെ ഭാരക്കുറവും പ്രകൃതി സൗഹൃദവുമാണ്. ലോകത്ത് മുന്നൂറോളം പാലങ്ങൾ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട്. മലേഷ്യ സന്ദർശിച്ച് പഠനം നടത്തിയാണ് ഊരാളുങ്കൽ കമ്പനി പദ്ധതി തയ്യാറാക്കിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *