വെളിയങ്കോട് : വർഷങ്ങൾക്ക് മുൻപ് കടലെടുത്ത പാലപ്പെട്ടി കാപ്പിരിക്കാട്ടെ തീരദേശ റോഡുകൾ ഭിത്തി കെട്ടി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ വാർഡുകളെ ബന്ധിപ്പിക്കുന്ന 3 റോഡുകളാണ് 5 വർഷം മുൻപുണ്ടായ കടലാക്രമണത്തിൽ തകർന്ന് ഇല്ലാതായത്. കാപ്പിരിക്കാട്-ബീച്ച്, പാലപ്പെട്ടി-കാപ്പിരിക്കാട്, പാലപ്പെട്ടി-തട്ടുപറമ്പ് റോഡുകളാണ് കടലാക്രമണത്തിൽ തകർന്നു കിടക്കുന്നത്.പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡുകളാണ് മൂന്നും. റോഡുകൾ ഇല്ലാതായതോടെ തീരദേശത്തുള്ളവർ കിലോമീറ്ററോളം ചുറ്റി കറങ്ങിയാണ് ലക്ഷ്യസ്ഥലത്തേക്ക് എത്തിച്ചേരുന്നത്.

റോഡുകൾ മുറിഞ്ഞു പോയതോടെ മത്സ്യവുമായി കരയിലേക്ക് എത്തുന്ന മത്സ്യത്തൊഴിലാളികൾക്കും ഏറെ ബുദ്ധിമുട്ടായിട്ടുണ്ട്. മറ്റു കരകളിൽ തോണികൾ എത്തിച്ചാണ് വാഹനത്തിൽ കയറ്റുന്നത്. 4 വാർഡുകളിലായി 3 കിലോമീറ്റർ റോഡാണ് കടൽ എടുത്തിരിക്കുന്നത്. കടലിനോടു ചേർന്നുള്ള ഭാഗത്ത് ഭിത്തി കെട്ടിയാൽ മാത്രമേ റോഡുകൾ പുനർ നിർമിക്കാൻ കഴിയൂ എന്നുള്ളതിനാൽ കോടി കണക്കിന് രൂപ ചെലവ് വരുമെന്നാണ് അധികൃതർ പറയുന്നത്. ഇത്രയും തുക പഞ്ചായത്തിന് ചെലവഴിക്കാൻ കഴിയാത്തതിനാൽ ഇറിഗേഷൻ വകുപ്പ് ഭിത്തി കെട്ടിയാൽ റോഡ് പുനർ നിർമിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് പഞ്ചായത്തിൽ നിന്ന് നാട്ടുകാർക്ക് ലഭിച്ച മറുപടി. റോഡിനു പുറമേ തകർന്ന കടൽ ഭിത്തി പുനർനിർമിക്കാത്തത് മൂലം ഏക്കർ കണക്കിന് കര ഭൂമിയാണ് വർഷം തോറും കടൽ കവർന്നു കൊണ്ടിരിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *