കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം പത്തു ലക്ഷം കടന്നു. സര്‍വീസ് ആരംഭിച്ച് ആറ് മാസത്തിനകമാണ് വാട്ടര്‍ മെട്രോ നേട്ടം കൈവരിച്ചത്. മലപ്പുറം മഞ്ചേരി സ്വദേശിയായ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ സന്‍ഹ ഫാത്തിമയാണ് പത്തു ലക്ഷം തികച്ച യാത്രക്കാരി.

കുടുംബത്തോടൊപ്പം ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്ര ചെയ്യാന്‍ എത്തിയതായിരുന്ന സന്‍ഹ. കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ ഫിനാന്‍സ് എസ്.അന്നപൂരണി, വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സന്‍ഹയ്ക്ക് ഉപഹാരം നല്‍കി.

ഈ വര്‍ഷം ഏപ്രില്‍ 26നാണ് വാട്ടര്‍ മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. നിലവില്‍ 12 ബോട്ടുകള്‍ മാത്രമാണ് വാട്ടര്‍ മെട്രോയ്ക്കായി സര്‍വീസ് നടത്തുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍-ബോല്‍ഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില- കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് സര്‍വ്വീസ്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസ് ആണ് അടുത്തതായി ആരംഭിക്കുക.

ഫോര്‍ട്ട് കൊച്ചി, മുളവുകാട് നോര്‍ത്ത്, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഫോര്‍ട്ട്‌കൊച്ചി ടെര്‍മിനലിന്റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. മട്ടാഞ്ചേരി ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും കെ.എം.ആര്‍.എല്‍. അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തും.

Related Post

Leave a Reply

Your email address will not be published. Required fields are marked *