മുംബൈ: 2028-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ഔദ്യോഗിക അംഗീകാരം നല്‍കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി). തിങ്കളാഴ്ച മുബൈയില്‍ നടന്ന ഐഒസി യോഗത്തില്‍ വോട്ടെടുപ്പിന് ശേഷമായിരുന്നു തീരുമാനം.

ക്രിക്കറ്റിനൊപ്പം ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നീ ഇനങ്ങള്‍ക്കാണ് ഐഒസി സെഷന്‍ അംഗീകാരം നല്‍കിയത്. പുതുതായി ഉള്‍പ്പെടുത്തേണ്ട കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ലോസ് ആഞ്ജലിസ് ഗെയിംസ് സംഘാടക സമിതി നല്‍കിയ ശുപാര്‍ശ ഐഒസിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് നേരത്തേ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ഐഒസി അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു.

ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റായ ടി20 ആണ് ഗെയിംസിന്റെ ഭാഗമാകുക. പുരുഷ – വനിതാ വിഭാഗത്തില്‍ മത്സരം നടക്കും. ആറു ടീമുകളാകും ഗെയിംസില്‍ മത്സരിക്കുക. 128 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. 1900-ലെ പാരിസ് ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് ഒരു ഇനമായി ഉണ്ടായിരുന്നത്. അന്ന് ബ്രിട്ടനെ പ്രതിനിധീകരിച്ച് ഒരു ടീമും ഫ്രാന്‍സിനെ പ്രതിനിധീകരിച്ച് ഒരു ടീമുമായിരുന്നു മത്സരിച്ചിരുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *