മംഗലം : മൂന്നര കിലോമീറ്ററിലേറെ തീരദേശത്ത് മെഗാ ശുചീകരണം നടത്തിയപ്പോൾ ലഭിച്ചത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആയിരം കിലോയോളം മാലിന്യം. കൂട്ടായി ആശാൻപടി മുതൽ വാടിക്കൽ വരെയുള്ള തീരത്താണ് മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ ശുചീകരണം നടന്നത്.ചേന്നര മൗലാന കോളജ്, കൂട്ടായി മൗലാന ഹയർസെക്കൻഡറി സ്കൂൾ, തിരൂർ എസ്എസ്എം പോളി ടെക്നിക്, പുത്തനത്താണി സിപിഎ കോളജ്, തിരൂർ ഗവ. തുഞ്ചൻ കോളജ് എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികളാണ് തീരം ശുചിയാക്കാൻ എത്തിയത്.ഇവർക്കൊപ്പം ഹരിതകർമ സേനാംഗങ്ങളും നാട്ടുകാരും പഞ്ചായത്തംഗങ്ങളും കൂടി.
എല്ലാവർക്കും ഉച്ചഭക്ഷണവും ഏർപ്പാടാക്കിയിരുന്നു. മംഗലം പഞ്ചായത്തിലെ 5 വാർഡുകളിലാണ് ശുചീകരണം നടന്നത്. ഒടുവിൽ ശേഖരിച്ച മാലിന്യത്തിന്റെ അളവു നോക്കിയപ്പോൾ ആയിരം കിലോയോളമുണ്ടായിരുന്നു. ഇതെല്ലാം ഹരിതകർമസേന ബീച്ചിൽ നിന്നു മാറ്റി. ബീച്ച് ശുചീകരണം മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പാത്തുമ്മക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. ഇബ്രാഹിം ചേന്നര, സി.എം.റംല, കെ.ടി.റാഫി, നിഷ രാജീവ്, കെ.ഷബീബ്, പി.സുബൈദ, കെ.നൂർജഹാൻ, വി.ഷിഹാബ്, എം.ഇസ്മായിൽ, പി.നഫീസ മോൾ, പി.ടി.ബാലൻ, എസ്.സമീന, എസ്.അനീഷ് എന്നിവർ പ്രസംഗിച്ചു.