എടപ്പാൾ : ഭിന്നശേഷിക്കാർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണന കേന്ദ്രം എടപ്പാളിൽ തുടങ്ങി. എടപ്പാൾ പട്ടാമ്പി റോഡിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. തവനൂർ പ്രതീക്ഷ ഭവനിലെ ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങളാണ് വിപണനം നടത്തുന്നത്. ഫ്ലോർ ക്ലീനിങ് ലിക്വിഡുകൾ, ഹാൻഡ് വാഷ് തുടങ്ങിയ സാധനങ്ങളാണ് വിപണനം നടത്തുന്നത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രം തുടങ്ങിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനമാണ് ഈ പദ്ധതി കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. വിപണന കേന്ദ്രം – ഡിഫറെൻ്റ് ഡ്രീംസിൻ്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് അഡ്വ. ആർ ഗായത്രി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ ആർ അനീഷ്,ഷെരീഫ, രാധിക, ജയശ്രീ, സി എം അക്ബർ, വട്ടംകുളം പഞ്ചായത്തംഗം ഇ എസ് സുകുമാരൻ, തവനൂർ വൃദ്ധ മന്ദിരം സൂപ്രണ്ട് അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പൊന്നാനി വനിതാശിശു വികസന പദ്ധതി ഓഫീസർ ഒ പി രമ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ലിജുമോൻ നന്ദിയും പറഞ്ഞു.