സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിലെ വിവാദപ്രസംഗത്തിനുശേഷം നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. നടൻ അലൻസിയറിനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ വക്കീല്‍ നോട്ടീസ് അയച്ചു കഴിഞ്ഞു. ‘എന്തു കൊണ്ടാണ് നമ്പൂതിരി ഉണ്ടാക്കിയിരിക്കുന്ന ശിൽപ്പത്തിൽ നിങ്ങൾ സ്ത്രീവിരുദ്ധത കാണാത്തത്’ എന്നായിരുന്നു അലൻസിയർ അഭിമുഖത്തിൽ മാധ്യമപ്രവർത്തകയോട് ചോദിച്ചത്.
അച്ഛന്റെ ശില്പങ്ങൾ സ്ത്രീവിരുദ്ധമാണെന്ന പ്രയോഗത്തോടും ദേവന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനൊപ്പം നൽകുന്ന ശില്പം അച്ഛൻ രൂപകല്പന ചെയ്തതല്ലെന്നും ദേവന്‍ പറഞ്ഞു.
ശില്പത്തെ ശില്പമായി കാണാനാവാത്ത വ്യക്തിക്ക് കലാകാരനായി തുടരാനുളള യോഗ്യത ഇല്ലെന്നും വ്യക്തിപരമായും ജാതീയമായുമുളള അധിക്ഷേപത്തോട് പൊറുക്കാനാവില്ലെന്നും കലാസംവിധായകൻ കൂടിയായ ദേവൻ പ്രതികരിച്ചു.