പൊന്നാനി : നിർദിഷ്ട ഹൗറ മോഡൽ സസ്‌പെൻഷൻ ബ്രിഡ്‌ജ് നിർമാണത്തിന് ആവശ്യമായ ഭൂമി പ്രത്യേക പാക്കേജിൽ ഉൾപ്പടുത്തി ഏറ്റെടുക്കും. തീരദേശ ഹൈവേയ്ക്ക് ഭൂമിയേറ്റെടുക്കാനായി സർക്കാർ പുറത്തിറക്കിയ പ്രത്യേക പാക്കേജ് ഈ പദ്ധതിക്കും ബാധകമാക്കാനാണ് ശ്രമം.ഇതിന് പ്രത്യേകം സർക്കാർ ഉത്തരവ് ആവശ്യമാണെന്ന ലാൻഡ് അക്വിസിഷൻ (എൽ.എ.) വിഭാഗത്തിന്റെ ആവശ്യം റവന്യൂ വകുപ്പിന്റെ പരിഗണനയ്ക്കു സമർപ്പിച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നതിനാൽ പദ്ധതി മന്ദഗതിയിലാണ്.
ഇതുസംബന്ധിച്ച് പി. നന്ദകുമാർ എം.എൽ.എ.യുടെ സബ്മിഷന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലാണ് റവന്യൂ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന വിശദീകരണമുള്ളത്.പാലത്തിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയതായും റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷനെ (ആർ.ബി.ഡി.സി.കെ.) പദ്ധതിയുടെ മേൽനോട്ടച്ചുമതലയുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഡി.പി.ആർ. അംഗീകരിച്ച് 280.09 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഭൂമിയേറ്റെടുക്കൽ നടപടിയുടെ ഭാഗമായി 11(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സർവേ പൂർത്തിയാക്കി കളക്ടർ അംഗീകരിക്കുകയും ചെയ്തു. റവന്യൂ റിക്കവറി നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.നടപടികളുടെ ഭാഗമായി 143 കെട്ടിടങ്ങളുടെ മൂല്യനിർണയം പൂർത്തിയായി. ഇതിന്റെ റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തുകൂടി കടന്നുപോകുന്ന പദ്ധതിക്ക് കേരള തീരദേശ പരിപാലന അതോറിറ്റിയിൽനിന്ന് സി.ആർ.സെഡ് ക്ലിയറൻസ് ലഭിക്കുകയുംചെയ്തു.തീരദേശ ഹൈവേയുടെ ഭൂമിയേറ്റെടുക്കൽ നടപടിക്കുവേണ്ടി സർക്കാർ പുറത്തിറക്കിയ പ്രത്യേക പാക്കേജ് ഈ പദ്ധതിക്ക് ബാധകമാക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ആവശ്യപ്പെടുമെന്നും ഇപ്പോഴുള്ള സാങ്കേതികകാര്യങ്ങൾ വേഗത്തിലാക്കുന്നതിന് പ്രത്യേക യോഗം വിളിക്കാൻ പൊതുമരാമത്തുവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി മറുപടി നൽകി.
അഴിമുഖത്തിനു കുറുകെ 400 മീറ്ററിലാണ് സസ്‌പെൻഷൻ ബ്രിഡ്‌ജ് ഉണ്ടാകുക. പൊന്നാനി ഭാഗത്തേക്ക് മേൽപ്പാലവും സമീപനറോഡും ഉൾപ്പെടെ രണ്ടരക്കിലോമീറ്ററോളം നീളമുണ്ടാകും.അഴിമുഖത്തിന് കുറുകെ നാലുവരിയിലായിരിക്കും പാലം നിർമിക്കുക. 24 മീറ്ററാണ് വീതി. ഇതിൽ രണ്ടുവരി ഗതാഗതത്തിനുപയോഗിക്കും.ബാക്കി സ്ഥലത്ത് സൈക്കിൾ ട്രാക്കും വ്യൂ ഗാലറിയും ഒരുക്കും. ഭാവിയിൽ നാലുവരിപ്പാതയായി ഇതിനെ മാറ്റാം. ഈ ഘട്ടത്തിൽ സൈക്കിൾ ട്രാക്കും വ്യൂ പോയിന്റും പാലത്തിനു താഴേക്കുമാറ്റാനും സൗകര്യമൊരുക്കും.കപ്പലുകൾക്കുവരെ കടന്നുപോകാവുന്ന തരത്തിൽ ജലനിരപ്പിൽനിന്ന് 16 മീറ്റർ ഉയരത്തിലാണ് അഴിമുഖത്തിനുകുറുകെ പാലം നിർമിക്കുക.200 മീറ്റർ വിടവിലാണ് അഴിമുഖത്ത് പാലത്തിന്റെ തൂൺ സ്ഥാപിക്കുക. അഴിമുഖത്തിന്റെ ഇരുകരകളിലായി പാർക്കും വിഭാവനം ചെയ്യുന്നുണ്ട്.