എടപ്പാൾ : കായികപ്രേമികളുടെ ആറുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ലോങ് വിസിൽ. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയദാർഢ്യത്തിന്റെ ബലത്തിൽ ഉപകരാറിലൂടെ സ്റ്റേഡിയം യാഥാർഥ്യമാകാൻ വഴിതെളിയുന്നു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് 2018-ലാണ് റർബൻ പദ്ധതിയിലുൾപ്പെടുത്തി വട്ടംകുളത്തെ എ.കെ.ജി. മൈതാനം മിനിസ്റ്റേഡിയമാക്കാൻ തീരുമാനിച്ചത്. മന്ത്രി വി. അബ്ദുറഹ്‌മാനും കെ.ടി. ജലീൽ എം.എൽ.എ.യുമടക്കമുള്ളവരെത്തി തറക്കല്ലുമിട്ടു. എന്നാൽ കരാറെടുത്ത വാപ്‌കോസ് ഏജൻസി കുറച്ചു പണികൾ ചെയ്തശേഷം പണി നിർത്തി. സ്റ്റേഡിയത്തിൽനിന്നെടുത്ത മണ്ണ് നീക്കംചെയ്യാനുണ്ടായ കാലതാമസവും പണി തടസ്സപ്പെടുത്തി. തൈക്കാട് ഞാവൽക്കാടായി കിടന്ന കുന്നിൻപ്രദേശം പതിറ്റാണ്ടുകൾക്കുമുൻപാണ് പഞ്ചായത്ത് വാങ്ങിയത്.

പിന്നീടാണ് ഇവിടെ ഒരുകോടി രൂപ ചെലവിൽ സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്. റർബൺ പദ്ധതിയിലൂടെ പഞ്ചായത്തിൽ നടപ്പാക്കുന്ന 15 കോടിയുടെ 48 പദ്ധതികളിലാണ് ഇതും ഉൾപ്പെട്ടത്. എല്ലാ പദ്ധതികളും ഒരേ ഏജൻസിക്കുതന്നെ കരാർ നൽകിയതോടെ ഒന്നും നടക്കാത്ത അവസ്ഥയായി. ഈ അവസ്ഥ മറികടക്കാൻ പുതിയ യു.ഡി.എഫ്. ഭരണസമിതി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ നിർമാണ കരാറെടുത്ത കമ്പനിയുമായി എടപ്പാളിലെ സഫ്‌കോ കമ്പനി ഉപകരാർ ഉണ്ടാക്കി പരിഹാരം കണ്ടെത്തിയത്. മൂന്നുമാസത്തിനകം പണി പൂർത്തിയാക്കാമെന്നാണ് ഉപകരാറെടുത്ത കമ്പനി നൽകിയിട്ടുള്ള ഉറപ്പ്. ഭിന്നശേഷി ക്രിക്കറ്റ് സംസ്ഥാന ടീമിലുൾപ്പെട്ട വിഷ്ണുവടക്കമുള്ള ഒട്ടേറെ കായികതാരങ്ങളെ സംഭാവനചെയ്ത വട്ടംകുളത്ത് ഒരു സ്റ്റേഡിയമുയരുകയെന്ന ഏവരുടെയും സ്വപ്‌നമാണ് മൂന്നുമാസത്തിനകം യാഥാർഥ്യമാകാൻ പോകുന്നത്.

സ്റ്റേഡിയത്തിൽ പുല്ലുവിരിച്ച്‌ മനോഹരമാക്കുക, നാലുവശവും ഇരിപ്പിടമുണ്ടാക്കുക, ഡ്രസ്സിങ് മുറിയുണ്ടാക്കുക തുടങ്ങിയവയെല്ലാം ഈ ചെമ്മണ്ണുനിറഞ്ഞ മൈതാനത്തെ മനോഹരമാക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, മുൻ പ്രസിഡന്റ് കഴുങ്ങിൽ മജീദ്, കെ. ഭാസ്‌കരൻ വട്ടംകുളം, ഹസൈനാർ നെല്ലിശ്ശേരി, നിർമാണ കമ്പനി എം.ഡി. സഫ ഷാജി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *