എരമംഗലം : വെളിയങ്കോട്ടെ കനോലി കനാലിൽ ലോക്ക് നിർമിക്കുന്നതിന്റെ ഭാഗമായി കനാൽ താൽക്കാലികമായി അടച്ചിടുന്ന നടപടി ആരംഭിച്ചു. കാഞ്ഞിരമുക്ക് പുഴയിൽനിന്ന് കനോലി കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനാണ് വെളിയങ്കോട് ചീർപ്പ് പാലത്തിനു സമീപം ലോക്കുകൾ നിർമിക്കുന്നത്.
കനാലിൽ വേലിയേറ്റ സമയത്ത് കൂടുതൽ വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് പാലത്തിന്റെ ഇരുവശത്തും താൽക്കാലിക തടയണ നിർമിച്ച് കനാൽ അടയ്ക്കുന്നത്. കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ കനാലിന്റെ കിഴക്കുവശത്തുകൂടി വ്യക്തികളുടെ ഭൂമിയിലൂടെ താൽക്കാലിക കനാലും നിർമിക്കുന്നുണ്ട്. കനാലിന്റെ തെക്കൻ മേഖലയിൽനിന്ന് വരുന്ന ജലം ഇൗ കനാൽ വഴിയാകും കാഞ്ഞിരമുക്ക് പുഴയിലേക്ക് എത്തിക്കുക. ലോക്ക് നിർമാണവുമായി ബന്ധപ്പെട്ട് കനാലിൽ കോൺക്രീറ്റ് ജോലികൾ ചെയ്യുന്നതിനാണ് ഇരുവശത്തും അടയ്ക്കുന്നത്. തടയണ നിർമിക്കുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇന്നലെ മുതൽ തെങ്ങിൻകുറ്റികൾ സ്ഥാപിക്കാൻ തുടങ്ങി. വേഗത്തിൽ തടയണ നിർമിച്ച് ലോക്കിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു.