വെളിയങ്കോട് : ദേശീയപാതയിൽ നിന്നുള്ള വെള്ളം വെളിയങ്കോട്ടെ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കി വിടരുതെന്ന് കോടതി ഉത്തരവ് നൽകിയിട്ടും കാനകൾ അടയ്ക്കുവാൻ നടപടി വൈകുന്നു. പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ വെളിയങ്കോട് മേഖലയിൽ നിർമാണം പുരോഗമിക്കുന്ന നാലുവരിപ്പാതയിൽ നിന്നാണ് വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഒരുവർഷം മുൻപ് വെള്ളം ഒഴുക്കി വിടുന്നത് ഹൈക്കോടതി തടഞ്ഞതാണ്.  വെള്ളം ഒഴുകി പോകുന്ന കാനയുടെ വശങ്ങൾ അടയ്ക്കാതെ വന്നതോടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വെളിയങ്കോട് പഞ്ചായത്തിലെ 1,2,3,13,14,16 വാർഡുകളിലേക്കാണ് മഴയിൽ വെള്ളം ഒഴുകി എത്തുന്നത്. 2 മാസത്തിനുള്ളിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന കാനകൾ അടയ്ക്കുമെന്ന് കരാറുകാരൻ അറിയിച്ചെങ്കിലും നടപ്പിലാക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പുഴ, കനാൽ എന്നിവിടങ്ങളിലേക്ക് വെള്ളം ഒഴുക്കി വിടാതെ വീടുകൾ കൂടുതലുള്ള മേഖലയിലേക്ക്  വെള്ളം ഒഴുക്കി വിടുന്നതിനെതിരെ പ്രതിഷേധം തുടരുകയാണ്. താവളക്കുളം, ഉമർഖാസി മസ്ജിദ്, കിണർ, പൂക്കൈത റോഡ്, അയ്യോട്ടിച്ചിറ, പുതിയിരുത്തി എന്നിവിടങ്ങളിലാണ് കാനകളിൽ നിന്നുള്ള വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്. വീടുകൾക്കും ചുറ്റും വെള്ളക്കെട്ട് തുടരുന്നത് മൂലം മിക്ക കുടുംബങ്ങളും താമസം മാറേണ്ടി വരുന്നുണ്ട്. ദേശീയപാത നിർമാണത്തിനിടെ വെളിയങ്കോട്ടെ സ്വകാര്യ വ്യക്തിയുടെ റോഡും മതിലും മാസങ്ങളായി തകർന്നു കിടക്കുകയാണ്. റോഡ് തകർന്നതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. തകർന്ന ഭാഗങ്ങൾ നന്നാക്കാൻ കോടതി നിർദേശം നൽകിയെങ്കിലും 4 മാസമായി നടപടി നീളുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *