എടപ്പാൾ : ടാറിങ് നടത്താത്തതിനാൽ ഗതാഗതം ദുഷ്‌കരമായ ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രം റോഡിന്റെ ദുരവസ്ഥയ്ക്കെതിരേ ജനരോഷമുയരുന്നു. രണ്ടുവർഷത്തിലേറെയായി ഈ റോഡിന് പണം പാസായിട്ട്. രണ്ടുമാസം കഴിഞ്ഞാൽ പതിനായിരക്കണക്കിന് ആളുകളെത്തുന്ന കുളങ്കര ക്ഷേത്രോത്സവമാണ്. ഇതിനുമുൻപ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഗ്രാമവാസികൾ.ശുകപുരം സഫാരി മൈതാനം മുതൽ നടുവട്ടം വരെ നീളുന്നതാണ് ഈ റോഡ്. റീടാറിങ്ങിനായി കെ.ടി. ജലീൽ എം.എൽ.എ. രണ്ടുഘട്ടങ്ങളായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആദ്യഘട്ട തുക ഉപയോഗിച്ച് റോഡിന്റെ പകുതിഭാഗം ടാർചെയ്തു. ഇതിൽ കുറെഭാഗം മാസങ്ങൾക്കകം തകർന്നതിനെതിരേയുള്ള പ്രതിഷേധം നിലനിൽക്കെയാണ് ശേഷിക്കുന്ന ഭാഗത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത്.
ഈ ഭാഗത്തെ പണിക്കായി കരാർ കൊടുത്തെങ്കിലും ജൽജീവൻ മിഷൻ പദ്ധതിക്കായി റോഡ് പൊളിച്ച് പൈപ്പിട്ടതോടെ റോഡിന്റെ അവസ്ഥ കൂടുതൽ ദയനീയമായി. നിലവിലെ തുക ഉപയോഗിച്ച് റോഡ് ടാർചെയ്യലും വശങ്ങൾ ഇന്റർലോക്ക് വിരിക്കലും നടക്കില്ലെന്നുപറഞ്ഞ് കരാറുകാരൻ പണിയൊഴിഞ്ഞ് ബ്ലോക്ക്പഞ്ചായത്തിന് കത്തുനൽകി. എന്നാൽ അതു സ്വീകരിച്ചെങ്കിലും തുടർനടപടികളൊന്നും അധികാരികളെടുത്തില്ല. ഇതാണ് റോഡിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം.25 ലക്ഷം രൂപയ്ക്ക് ചെയ്യാൻപറ്റാവുന്ന ജോലികൾ ചെയ്യുകയും ശേഷിക്കുന്ന ജോലിക്ക് കൂടുതൽ തുക കണ്ടെത്താൻ നടപടിയെടുക്കുകയും ചെയ്യേണ്ടതിനു പകരം ഒരു നടപടിയുമില്ലാതെ കിട്ടിയ പണംകൂടി പാഴാക്കുന്ന നിലപാടാണ് അധികാരികളുടേതന്നാണ് ആരോപണമുയരുന്നത്.