മാറഞ്ചേരി : വടമുക്ക് തുറുവാണം ദ്വീപിലേക്ക് പാലം നിർമിക്കാനുള്ള സാങ്കേതിക അനുമതി ലഭിച്ചു. മാറഞ്ചേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന തുറുവാണം ദ്വീപിലേക്കു ഗതാഗതയോഗ്യമായ പാലം നിർമിക്കാനുള്ള സാങ്കേതിക അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. പൊന്നാനി കോളിലെ വെള്ളത്താൽ ചുറ്റപ്പെട്ട തുറുവാണത്തുകാർക്ക് ഏക ആശ്രയമായിരുന്ന ബണ്ട് റോഡ് മഴക്കാലത്ത് വെള്ളക്കെട്ടിലാകുന്നതോടെ മാസങ്ങളോളം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
അതിന് പരിഹാരമായാണ് വടമുക്ക് റോഡിൽനിന്ന് ദ്വീപിലേക്ക് 33 കോടി രൂപ ചെലവിൽ പാലം നിർമിക്കാൻ അനുമതിയായത്. ഇരുകരകളെയും ബന്ധിപ്പിച്ചുള്ള പില്ലർ പാലമാണ് നിർമിക്കുക. 180 കുടുംബങ്ങളിലായി എണ്ണൂറോളം പേരാണ് ദ്വീപിൽ താമസിക്കുന്നത്. പാലം വരുന്ന ഭാഗത്തെ സ്ഥലം ഏറ്റെടുക്കൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് ആൻഡ് ബ്രിജ് വിഭാഗത്തിനാണ് നിർമാണച്ചുമതല. നിർമാണത്തിനുള്ള ടെൻഡർ നടപടികൾ അടുത്ത ദിവസം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.